ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.സംഭവത്തില്‍ ചിറയിൻകീഴ് പൊലീസ് നാല് പ്രതികളെ അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രവീണ്‍ലാല്‍ (34), ഉണ്ണി (28), കിരണ്‍പ്രകാശ് (29), ജയേഷ് (24) എന്നിവരാണ് പൊലീസ് പിടിയിലായത്.
തിങ്കളാഴ്ച (08.09.2025) രാത്രി ഒൻപതര മണിയോടെയാണ് ചിറയിൻകീഴ് കുറട്ടുവിളാകം പൗരസമിതിയുടെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷങ്ങള്‍ക്കിടെ അക്രമികള്‍ പ്രശ്നമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. മദ്യപിച്ച് മാരകായുധങ്ങളുമായി എത്തിയ സംഘം പരിപാടികള്‍ കാണാനെത്തിയ ആളുകള്‍ക്കിടയിലേക്ക് ബൈക്കുകള്‍ ഓടിച്ചുകയറ്റുകയായിരുന്നു. തുടർന്ന് സ്ത്രീകളടക്കമുള്ളവരെ അസഭ്യം പറഞ്ഞ് വാളുകാട്ടി ഭീഷണിപ്പെടുത്തി ഓടിക്കാൻ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഇത് തടയാൻ ശ്രമിച്ച സംഘാടകരുമായി സംഘർഷമുണ്ടാവുകയായിരുന്നു.
ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘർഷത്തിനിടെയാണ് മൂന്നുപേർക്ക് വെട്ടേറ്റത്. ചിറയിൻകീഴ് കുറട്ടുവിളാകം തവളാത്ത് വീട്ടില്‍ അച്ചുലാല്‍ (35), കുറട്ടുവിളാകം കല്ലുതട്ടില്‍ വീട്ടില്‍ അജിത്ത് (37), ഇവരെ പിന്തിരിപ്പിക്കാൻ എത്തിയ അച്ചുലാലിന്റെ സഹോദരി മോനിഷ (37) എന്നിവർക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ അച്ചുലാലിനെയും അജിത്തിനെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഹൃദ്രോഗിയായ മോനിഷയെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെൻ്റർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 2022-ല്‍ സമാനമായ ആക്രമണം ഓണാഘോഷത്തിനിടെ നടന്നിരുന്നുവെന്നും, അന്നത്തെ സംഭവത്തിലെ പ്രതികള്‍ തന്നെയാണ് ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിലെന്നും നാട്ടുകാർ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.