23
ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ കനത്ത ജാഗ്രത. ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. സ്പെഷ്യൽ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്നാണ് നിർദ്ദേശം. ഐടി കമ്പനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ബീച്ചുകളിലും അമ്യൂസ്മെന്റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. നാളെ ഉച്ചയ്ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുതെന്നും വാരാന്ത്യത്തിൽ വിനോദ പരിപാടികൾ സംഘടിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ നാളെ രാഷ്ട്രപതി പങ്കെടുക്കേണ്ട തിരുവാരൂരിലെ കേന്ദ്ര സർവകലാശാലയുടെ പരിപാടി റദ്ദാക്കി.