kerala tourism
സംസ്ഥാനത്തെ ബീച്ചുകള്‍ ഒഴികെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് മുതല്‍ തുറക്കാന്‍ അനുമതി നല്‍കുന്നതിന് തീരുമാനിച്ചതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കോവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് രണ്ട് ഘട്ടമായിയാകും പ്രവേശനത്തിന് അനുമതി. ഹില്‍ സ്റ്റേഷനുകളിലും, സാഹസിക വിനോദകേന്ദ്രങ്ങളിലും, കായലോര ടൂറിസം കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികള്‍ക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി അറിയിച്ചു. ഹൗസ് ബോട്ടുകള്‍ക്കും മറ്റ് ടൂറിസ്റ്റ് ബോട്ടുകള്‍ക്കും സര്‍വീസ് നടത്താനും അനുമതി നല്‍കി.
എന്നാല്‍, ബീച്ച് ടൂറിസം കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരത്തിന് അനുമതി നവംബര്‍ 1 മുതല്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. കഴിഞ്ഞ 6 മാസങ്ങളായി ടൂറിസം മേഖലയും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ബിസിനസ് ആവശ്യങ്ങള്‍ക്ക് 7 ദിവസം വരെ കേരളത്തില്‍ വന്ന് മടങ്ങുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമല്ലെന്ന് നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതേ മാതൃകയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കും ഒരാഴ്ച്ച വരെയുള്ള ഹ്രസ്വസന്ദര്‍ശനത്തിന് ക്വാറന്റീന്‍ നിര്‍ബന്ധമില്ല. സംസ്ഥാനത്തിന് പുറത്ത് നിന്നുമെത്തുന്ന സഞ്ചാരികള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. 7 ദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കില്‍, ടൂറിസ്റ്റുകള്‍ സ്വന്തം ചെലവില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. 7 ദിവസത്തില്‍ കൂടുതല്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റുമായി എത്തുകയോ, കേരളത്തില്‍ എത്തിയാല്‍ ഉടന്‍ കോവിഡ് പരിശോധന നടത്തുകയോ ചെയ്യണം. അതല്ലെങ്കില്‍ ആ സഞ്ചാരികള്‍ 7 ദിവസം ക്വാറന്റൈനില്‍ പോകേണ്ടിവരും.
കോവിഡ് രോഗലക്ഷണങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ടൂറിസ്റ്റുകള്‍ യാത്ര ചെയ്യാന്‍ പാടില്ലെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാസ്ക് നിര്‍ബന്ധമായും ധരിക്കുകയും, സാനിട്ടൈസര്‍ ഉപയോഗിക്കുകയും, രണ്ട് മീറ്റര്‍ സാമൂഹിക അകലം മറ്റുള്ളവരില്‍ നിന്നും പാലിക്കുകയും വേണം. വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശന വേളയില്‍ കൊവിഡ് രോഗബാധ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ദിശയില്‍ ബന്ധപ്പെട്ട് ആരോഗ്യപ്രവര്‍ത്തകരുടെ സേവനം തേടേണ്ടതാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഐസോലേഷനില്‍ പോകേണ്ടതുമാണ്.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
VT CRIME SCENE | കഴിഞ്ഞ ആഴ്ചയിലെ പ്രധാന കുറ്റകൃത്യങ്ങൾ
https://www.facebook.com/varthatrivandrumonline/videos/680820475899127/