തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ ഈ വർഷവും ആവർത്തിച്ചതിനെ തുടർന്ന് കേരള സർവകലാശാല വെള്ളിയാഴ്ച നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്.എ ബി.എ ഹിസ്റ്ററി പരീക്ഷ റദ്ദാക്കി. ‘മേജർ ട്രെൻഡ്സ് ഇൻ ഹിസ്റ്റോറിയോഗ്രഫി’ പേപ്പറിന്‍റെ പരീക്ഷയാണ് റദ്ദാക്കിയത്. ഇതേ കോഴ്സിന്‍റെ 11, 13 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റുകയും ചെയ്തു. പുതുക്കിയ തീയതി പിന്നീടറിയിക്കും.വെള്ളിയാഴ്ച പരീക്ഷക്ക് ശേഷം കോളേജുകളിൽ നിന്നാണ് കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ തന്നെയാണ് ഇത്തവണത്തെ പരീക്ഷക്കും ലഭ്യമാക്കിയതെന്ന വിവരം പരീക്ഷ കൺട്രോളർക്ക് ലഭിക്കുന്നത്. ഇക്കാര്യം വൈസ്ചാൻസലറെ അറിയിച്ചതോടെ പരീക്ഷ റദ്ദാക്കാൻ നിർദേശിക്കുകയായിരുന്നു. 11, 13 തീയതികളിൽ നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറുകളിലും ഈ പിഴവ് ആവർത്തിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും വി.സി നിർദേശിച്ചു. ഇതേതുടർന്നാണ് ഈ തീയതികളിലെ പരീക്ഷ മാറ്റാൻ തീരുമാനിച്ചത്. ചോദ്യപേപ്പർ തയാറാക്കുന്നയാൾക്കോ സൂക്ഷ്മപരിശോധന നടത്തുന്നയാൾക്കോ സംഭവിച്ച പിഴവാണ് കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ ഉപയോഗിച്ച് വീണ്ടും പരീക്ഷ നടത്താൻ ഇടയാക്കിയതെന്നാണ് സർവകലാശാല വിശദീകരണം. ഇതുസംബന്ധിച്ച് പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു.