ഹരിപ്പാട് : ആലപ്പുഴയിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ്സിടിച്ച് കാൽനടയാത്രക്കാരനായ യുവാവ് മരിച്ചു. ആലപ്പുഴ ആറാട്ടുവഴി കളപ്പുര ചക്കംപറമ്പിൽ വിഷ്ണു (38)ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 11 മണിയോടെ ദേശീയപാതയിൽ കെഎസ്ആർടിസി ബസ്റ്റാന്റിന് സമീപമാണ് അപകടം നടന്നത്. മാവേലിക്കരയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ വിഷ്ണു ജോലി കഴിഞ്ഞ് തിരികെ ബൈക്കിൽ വീട്ടിലേക്ക്പോവുകവെയാണ് അപകടം സംഭവിച്ചത്. ശക്തമായ മഴയെ തുടർന്ന് ബൈക്ക് ഹരിപ്പാട് വെച്ചതിനു ശേഷം ബസിൽ പോകാനായി സ്റ്റാൻഡിലേക്ക് നടന്നു പോകുന്നതിനിടയിലാണ് അപകടം നടന്നത്. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് വിഷ്ണുവിനെ ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വിഷ്ണു തൽക്ഷണം മരിച്ചു.