കൊടിയേരി; പ്രായോഗികരാഷ്ട്രീയത്തിന്റെ കൊടിയിറക്കം

0
99

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് സെപ്തംബറില്‍ കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു. പാന്‍ക്രിയാസിലായിരുന്നു അര്‍ബുദ ബാധ.

കണ്ണൂര്‍ ജില്ലയിലെ കല്ലറ തലായി എല്‍.പി. സ്‌കൂള്‍ അദ്ധ്യാപകന്‍ കോടിയേരി മൊട്ടുമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി 1953 നവംബര്‍ 16ന് കോടിയേരി ബാലകൃഷ്ണന്റെ ജനനം. സ്‌കൂള്‍ കാലത്ത് തന്നെ കോടിയേരി ബാലകൃഷ്ണന്‍ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴാണ് കോടിയേരി ബാലകൃഷ്ണന്‍ എസ്.എഫ്.ഐയുടെ ആദ്യരൂപമായ കെ.എസ്.എഫിന്റെ യൂണിറ്റിന് തുടക്കമിട്ടു. അതിന്റെ സെക്രട്ടറിയായതും കോടിയേരിയായിരുന്നു.

1970ല്‍ ഈങ്ങയില്‍പ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. മാഹിയില്‍ പ്രീഡിഗ്രി വിദ്യാഭ്യാസം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാലത്ത് തന്നെയാണ് മാഹി മഹാത്മാഗാന്ധി ഗവണ്‍മെന്റ് കോളേജില്‍ യൂണിയന്‍ ചെയര്‍മാനായി അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടത്. കെ.എസ്.എഫിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്ന കോടിയേരി ബാലകൃഷ്ണന്‍ 1970ല്‍ തിരുവനന്തപുരത്ത് വെച്ചു നടന്ന എസ്.എഫ്.ഐ.യുടെ രൂപീകരണസമ്മേളനത്തിലും പങ്കെടുത്തിരുന്നു. 1971ല്‍ തലശ്ശേരി കലാപം നടക്കുന്ന സമയത്ത് കോടിയേരി ബാലകൃഷ്ണന്‍ മുസ്ലിം ജനവിഭാഗങ്ങള്‍ക്ക് ആത്മധൈര്യം പകരുവാനും ആരാധനാലയങ്ങള്‍ സംരക്ഷിക്കുവാനും സമാധാനം സ്ഥാപിക്കുവാനുമുള്ള സ്‌ക്വാഡ് പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. 1973ല്‍ അദ്ദേഹം കോടിയേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. അതേ വര്‍ഷം തന്നെ എസ്.എഫ്.ഐ.യുടെ സംസ്ഥാനസെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. 1979 വരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. അദ്ദേഹം എസ്.എഫ്.ഐയുടെ സംസ്ഥാനസെക്രട്ടറി ആയിരിക്കുന്ന കാലയളവിലായിരുന്നു ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. അടിയന്തരാവസ്ഥക്കാലത്ത് പതിനാറ് മാസത്തോളം മിസ തടവുകാരനായി പതിനാറ് മാസത്തോളം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

1980 മുതല്‍ 1982 വരെ യുവജനപ്രസ്ഥാനമായ ഡി.വൈ.എഫ്.ഐയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി അദ്ദേഹം പ്രവര്‍ത്തിച്ചു 1988ല്‍ ആലപ്പുഴയില്‍ വെച്ചു നടന്ന സിപിഐ(എം)ന്റെ സംസ്ഥാനസമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണനെ പാര്‍ടിയുടെ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്ത് 1990 മുതല്‍ 1995 വരെയുള്ള അഞ്ച് വര്‍ഷക്കാലം സിപിഐ(എം)ന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു1995ല്‍ കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാനസമ്മേളനത്തില്‍ അദ്ദേഹത്തെ പാര്‍ടിയുടെ സംസ്ഥാനസെക്രട്ടേറിയേറ്റിലേക്ക് തെരെഞ്ഞെടുത്തു. 2002ല്‍ ഹൈദരാബാദില്‍ വെച്ചു നടന്ന സിപിഐ(എം) പാര്‍ടി കോണ്‍ഗ്രസില്‍ വെച്ച് അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്തു. 2008ല്‍ കോയമ്പത്തൂരില്‍ വെച്ചു നടന്ന പാര്‍ടി കോണ്‍ഗ്രസിലാണ് അദ്ദേഹം സിപിഐ(എം)ന്റെ പൊളിറ്റ് ബ്യൂറോ മെമ്പറായത് . 2015ല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാനസമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണനെ സിപിഐ(എം)ന്റെ കേരളസംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്തു. 2018ല്‍ കണ്ണൂരില്‍ വെച്ചു നടന്ന സംസ്ഥാനസമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണനെ സംസ്ഥാനസെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുത്തു.

സിപിഎമ്മിനെ ആഭ്യന്തരമായി ഉലച്ച മറ്റൊരു സമയമായിരുന്നു പിണറായി വിജയന്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള കാലം. പ്രത്യയശാസ്ത്ര മേലാവരണത്തില്‍ കീഴില്‍ രൂക്ഷമായ അധികാര തര്‍ക്കം നടക്കുന്ന കാലം. വി എസ്- പിണറായി പോരിന് എം എന്‍ വിജയനും എം പി പരമേശ്വരനും ദാര്‍ശനിക ഭാവം നല്‍കിയ കാലം. നാലാം ലോക സിദ്ധാന്തവും വലതു വ്യതിയാനവും രൂക്ഷമായ തര്‍ക്കങ്ങള്‍ക്കിടയാക്കി. പാര്‍ട്ടി സമ്മേളനത്തില്‍ ചേരി തിരിഞ്ഞുള്ള ചര്‍ച്ചയാണ് അക്കാലത്ത് നടന്നത്. പലതിനും ദേശാഭിമാനി തന്നെ വേദിയായി. ഈ സൈദ്ധാന്തിക പോരിലൊന്നും കക്ഷി ചേര്‍ന്നില്ലെങ്കിലും ഔദ്യോഗിക പക്ഷത്തോടൊപ്പമായിരുന്നു കോടിയേരി.

സമ്മേളന ദിവസങ്ങളില്‍ കോടിയേരി ബാലകൃഷ്ണനായിരുന്നു ദിവസവും വൈകുന്നേരങ്ങളില്‍ സമ്മേളന വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കാന്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നത്. പ്രക്ഷുബ്ധമായ പാര്‍ട്ടി സമ്മേളന വേദിയിലെ കാര്യങ്ങള്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍, എന്നാല്‍ ഇതെല്ലാം സജീവമായ ഒരു പാര്‍ട്ടിയിലെ സ്വാഭാവികതയെന്ന നിലയിലുള്ള കോടിയേരിയുടെ വിശദീകരണം അദ്ദേഹത്തിന്റെ നയചാതുരിയുടെ സവിശേഷത ബോധ്യപ്പെടുത്തുന്നതായിരുന്നു. പാര്‍ട്ടിയില്‍ വി എസ് അച്യുതാനന്ദന് കനത്ത തിരിച്ചടി നേരിടുകയും അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ക്കെതിരെ തുടരെ നടപടികള്‍ വരികയും ചെയ്തപ്പോഴും ഔദ്യോഗിക പക്ഷത്ത് തുടര്‍ന്നുകൊണ്ട് തന്നെ നല്ല ബന്ധം വിഎസ്സുമായി അദ്ദേഹം പുലര്‍ത്തി.

എച്ച് കണാരന്‍ സിപിഎമ്മിന്റെ ആദ്യ അമരക്കാരന്‍ ആയതിനുശേഷം ഇഎംഎസ്, എകെജി, ഇ കെ നായനാര്‍, ചടയന്‍ ഗോവിന്ദന്‍, പിണറായി വിജയന്‍ എന്നിവര്‍ക്കുശേഷം പാര്‍ട്ടി സെക്രട്ടറി പദവിയിലേക്ക് നിയോഗിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. തലശേരി താലൂക്കിലെ തന്നെ പിണറായിയില്‍നിന്ന് വളരെ അടുത്തുള്ള പ്രദേശമാണ് കോടിയേരി. എന്നാല്‍ രാഷ്ട്രീയ ശൈലിയില്‍ കോടിയേരിക്ക് ഏറെ സാമ്യം പിണറായി വിജയനുമായല്ല, മറിച്ച് ഇ കെ നായനാരുമായിട്ടാണെന്ന് പറയാം. കമ്മ്യുണിസ്റ്റ് സംഘടനാ കാര്‍ക്കശ്യത്തിന്റെ നിഷ്ഠകളില്ലാതെ, സൗമ്യവും സരസവും ആയ രീതിയില്‍ രാഷ്ട്രീയ എതിരാളികളെയും, സംഘടനാ വെല്ലുവിളികളെയും നേരിട്ട നേതാവായാണ് കോടിയേരി ബാലകൃഷ്ണന്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തുക.

സൗമ്യതയുടെയും അനുരഞ്ജനത്തിന്റെയും രീതികള്‍ അവലംബിക്കുമ്പോഴും നിലപാടുകള്‍ പറയുന്നതില്‍ അയവില്ലാത്ത സമീപനമായിരുന്നു പാര്‍ട്ടി പൊളിറ്റ് ബ്യുറോ അംഗം കൂടിയായിരുന്ന കോടിയേരിയുടേത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുള്ള ഏറ്റുമുട്ടല്‍ വ്യക്തികള്‍ തമ്മിലുള്ളതല്ലെന്നും മോദി സര്‍ക്കാരിന്റെ ചട്ടുകമായ ഗവര്‍ണറും മതനിരപേക്ഷതയില്‍ ഉറച്ചുനില്‍ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരും തമ്മിലുളള ഭിന്നതയാണ് കാതലായ വസ്തുത എന്നുമുള്ള ദേശാഭിമാനിയിലെ അവസാന ലേഖനം ഇതിന്റെ ഉദാഹരണമാണ്.

അപ്രതീക്ഷിത തിരിച്ചടികളും കഷ്ടപ്പാടുകളും നിറഞ്ഞ ബാല്യം കടന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ഇരുപതാം വയസ്സില്‍ തന്നെ കേരളം ശ്രദ്ധിക്കുന്ന നേതാവായത്. അഞ്ചുമക്കളെ വളര്‍ത്താന്‍ അമ്മ നാരായണി ഒറ്റയ്ക്കു നടത്തിയ പോരാട്ടമാണ് ബാലകൃഷ്ണന്റെ പഠനം സാധ്യമാക്കിയത്.

പതിനെട്ടാം വയസ്സില്‍ സിപിഐഎം ഈങ്ങയില്‍പ്പീടിക ബ്രാഞ്ച് സെക്രട്ടറി. ഇരുപതാം വയസ്സില്‍ എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയാകുമ്പോഴേക്കും കോടിയേരി ലോക്കല്‍ സെക്രട്ടറി. പക്ഷേ, ഒട്ടും ആയാസരഹിതമായിരുന്നില്ല ആ ബാല്യവും കൗമാരവും. സ്‌കൂള്‍ അധ്യാപകനായിരുന്ന അച്ഛന്‍ കുഞ്ഞുണ്ണിക്കൂറുപ്പ് ബാലകൃഷ്ണന്റെ ചെറുപ്പത്തില്‍ തന്നെ മരിച്ചു. പിന്നെ അമ്മ നാരായണി ഒറ്റയ്ക്കാണ് നാല് പെണ്‍കുട്ടികളേയും ബാലകൃഷ്ണനെയും വളര്‍ത്തിയത്. പശുവളര്‍ത്തിയുള്ള വരുമാനം മാത്രമായിരുന്നു കുടുംബത്തിന്. സ്‌കൂള്‍കാലത്ത് പാല്‍വീടുകളില്‍ കൊടുത്ത ശേഷമാണ് ബാലകൃഷ്ണന്‍ ക്ലാസിലേക്കു പോയിരുന്നത്.

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി വീട്ടിലേക്കു വരുന്ന ബാലകൃഷ്ണനായിരുന്നു അമ്മയുടെ ആഗ്രഹങ്ങളില്‍. പക്ഷേ, കോടിയേരി ബേസിക് ജൂനിയര്‍ സ്‌കൂളില്‍ നിന്ന് ഓണിയന്‍ സ്‌കൂളില്‍ എത്തിയപ്പോള്‍ തന്നെ ബാലകൃഷ്ണന്‍ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി കഴിഞ്ഞിരുന്നു. എസ്എഫ്‌ഐയുടെ പൂര്‍വരൂപമായ കെഎസ്എഫിന്റെ യൂണിറ്റ് തുടങ്ങി ആദ്യ സെക്രട്ടറി. പുതുച്ചേരി സര്‍ക്കാര്‍ മയ്യഴിയില്‍ പ്രിഡിഗ്രി മാത്രമുള്ള ജൂനിയര്‍ കോളജ് തുടങ്ങിയപ്പോള്‍ ആദ്യ ബാച്ചില്‍ പ്രവേശനം. അവിടെ ആദ്യ കോളജ് യൂണിയന്‍ ചെയര്‍മാന്‍. ആ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായിരുന്നു തിരുവനന്തപുരത്തേക്കുള്ള കൂടുമാറ്റം.

ഇരുപതാം വയസ്സില്‍ എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി ചുമതലയ്‌ക്കൊപ്പം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പഠനം. പിന്നെയുള്ള രാഷ്ട്രീയ ജീവിതത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയ ആറുവര്‍ഷം ഒഴികെ ഏറെക്കാലവും തിരുവനന്തപുരമായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രവര്‍ത്തന മണ്ഡലം.

അടിയന്തരാവസ്ഥയില്‍ അറസ്റ്റിലായ കോടിയേരി, ലോക്കപ്പില്‍ ക്രൂരമര്‍ദനത്തിന് ഇരയായി. മിസ പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. കര്‍ഷകരുടെ ആവശ്യങ്ങളുന്നയിച്ച് നടത്തിയ റെയില്‍വേ സമരത്തില്‍ പൊലീസിന്റെ ഭീകരമര്‍ദനമേറ്റു. 1982ല്‍ തലശേരിയില്‍നിന്നാണ് ആദ്യമായി നിയമസഭാംഗമായത്. 1987, 2001, 2006, 2011ലും തലശേരിയെ പ്രതിനിധാനംചെയ്തു. 2006–11ല്‍ ആഭ്യന്തര, ടൂറിസം മന്ത്രിയായിരുന്നു. ജനമൈത്രി പൊലീസ് പദ്ധതി അക്കാലത്താണ് നടപ്പാക്കിയത്. 2001, 2011 പ്രതിപക്ഷ ഉപനേതാവായിരുന്നു. പാര്‍ലമെന്ററി രംഗത്തും ഭരണാധികാരി എന്ന നിലയിലും കഴിവുതെളിയിച്ച കോടിയേരി പാര്‍ടി സെക്രട്ടറി എന്ന നിലയില്‍ അത്യുജ്വല പ്രവര്‍ത്തനം കാഴ്ചവച്ചു.

1980ല്‍ ഡിവൈഎഫ്‌ഐ രൂപീകരിക്കപ്പെട്ടപ്പോള്‍ സംഘടനയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയുക്തനായ കോടിയേരി ബാലകൃഷ്ണന്‍ ഏറ്റെടുത്ത ആദ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ ദൗത്യം ഒരു പക്ഷെ എം വി രാഘവന്‍ ബദല്‍ രേഖയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ കൊടുങ്കാറ്റ് അഴിച്ചുവിട്ടപ്പോഴായിരുന്നു. അന്ന് സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പിണറായി വിജയനൊപ്പം സംഘടന വെല്ലുവിളി നേരിടുന്നതില്‍ ശക്തമായ നിലപാടാണ് കോടിയേരി സ്വീകരിച്ചത്. സിപിഎം കണ്ണൂരില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു എം വി രാഘവന്‍.

സിഎംപി രൂപികരിച്ച എം വി രാഘവന്‍ യുഡിഎഫ് മന്ത്രിസഭയില്‍ അംഗമാകുകയും ചെയ്തതോടെ പോര് രൂക്ഷമായി. അത് പിന്നീട് കൂത്തുപറമ്പ് വെടിവെപ്പില്‍ കലാശിച്ചു. പരിയാരം മെഡിക്കല്‍ കോജേജുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൂത്തുപറമ്പില്‍ സമരം ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. അപ്പോള്‍ സിപിഎമ്മിന്റെ ജില്ലയിലെ അമരക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. പ്രക്ഷുബ്ധമായ നാളുകളായിരുന്നു അത്. പാര്‍ട്ടി കേഡര്‍മാരുടെ ആത്മവീര്യം സംരക്ഷിക്കുന്നതിനും അതോടൊപ്പം സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി പോകാതിരിക്കാനുമുള്ള സമീപനങ്ങളായിരുന്നു കോടിയേരി സ്വീകരിച്ചത്.

രാഘവന്റെ വെല്ലുവിളി ഫലപ്രദമായി നേരിടാന്‍ കണ്ണൂരിലെ സിപിഎമ്മിനെ പ്രാപ്തമാക്കുന്നതില്‍ കോടിയേരിയുടെ നേതൃത്വം നിര്‍ണായക പങ്ക് വഹിച്ചു.
പാര്‍ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊ ണ്ടുപോകുന്നതിലും ശത്രുവര്‍ഗത്തിന്റെ കടന്നാക്രമണങ്ങളെ ചെറുത്തുതോല്‍പ്പിക്കുന്നതിലും വലതുപക്ഷ മാധ്യമങ്ങളുടെ നുണപ്രചാരണങ്ങള്‍ തുറന്നുകാട്ടുന്നതിലും കരുത്ത് പ്രകടിപ്പിച്ചു.

മാര്‍ക്‌സിസ്റ്റ് ആശയങ്ങളിലുള്ള പിടിവാശിയോ കൂറോ അല്ല കോടിയേരിയെന്ന രാഷ്ട്രീയക്കാരനെ അടയാളപ്പെടുത്തുക, മറിച്ച് അദ്ദേഹത്തിന്റെ പ്രായോഗിക ബോധമാണ്. സിപിഎമ്മില്‍ വിവിധഘട്ടങ്ങളില്‍ ഉണ്ടായ ഉള്‍പാര്‍ട്ടി സംവാദങ്ങളില്‍ ഇടപെട്ട് പക്ഷം പിടിക്കാനല്ല, മറിച്ച് എപ്പോഴും ഔദ്യോഗിക നിലപാടിനോട് ചേര്‍ന്ന് നിന്ന് സംഘടനയുടെ നേട്ടത്തിനുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം. അതിന്റെ പ്രയോജനം, സംഘടനയെന്ന നിലയില്‍ സിപിഎമ്മിന് ലഭിക്കുകയും ചെയ്തു. പൂച്ച കറുത്തതോ, വെളുത്തതോ ആവട്ടെ, എലിയെ പിടിച്ചാല്‍ മതിയെന്ന് ചൈനീസ് നേതാവ് ഡെങ് സിയാവോ പിങ്ങിന്റെ നിലപാടായിരുന്നു ഇക്കാര്യത്തില്‍ കോടിയേരിക്കും എന്നും പറയാം.

തലശേരി എംഎല്‍എയും സിപിഐഎം നേതാവുമായിരുന്ന എം വി രാജഗോപാലിന്റെ മകള്‍ എസ് ആര്‍ വിനോദിനിയാണ് ഭാര്യ. മക്കള്‍: ബിനോയ്, അഡ്വ. ബിനീഷ്. മരുമക്കള്.

https://www.facebook.com/varthatrivandrumonline/videos/1457599544736864