കൊല്ലം: കൊല്ലം ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതികൾ അറസ്റ്റിലായതായതിന് പിന്നാലെ എഡിജിപി അജിത്കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. വളരെ കൃത്യമായ ആസൂത്രണത്തോടെയുള്ള കുറ്റകൃത്യമാണിതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഒന്നരമാസമായി ഇവര്‍ തട്ടിക്കൊണ്ടു പോകാനുള്ള കുട്ടികളെ അന്വേഷിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കുടുംബം മുഴുവൻ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമാണിതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെ തുടര്‍ന്ന് പത്മകുമാര്‍ വന്‍ സാമ്പത്തിക ബാധ്യത നേരിട്ടിരുന്നു. കോടികളുടെ സ്വത്തുക്കളുണ്ടായിരുന്നെങ്കിലും ഇവയെല്ലാം പണയത്തിലായിരുന്നു. വലിയ സമ്മർദ്ദം ഉണ്ടായ കേസാണിതെന്നും പ്രാഥമിക ആവശ്യം കുട്ടിയെ തിരിച്ചുകിട്ടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ദിനം തന്നെ സംഭവത്തെക്കുറിച്ച് സുപ്രധാന സൂചന കിട്ടി.അനിതാകുമാരിയുടെ ശബ്ദം സുപ്രധാന വഴി ഒരുക്കി. പ്രതികൾ കൊല്ലം ജില്ലക്കാർ തന്നെയാണെന്ന് മനസ്സിലാക്കി. 96 മണിക്കൂറിനുള്ളിൽ കേസ് തെളിയിച്ചു. മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് അനാവശ്യമായ സമ്മർദങ്ങൾ ഉണ്ടായി. പക്ഷെ പൊലീസിന് കേസ് തെളിയിക്കാൻ സാധിച്ചു. പദ്മകുമാറിന് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. കൊവിഡ് കാലത്തിന് ശേഷമുണ്ടായ ബാധ്യതയാണിത്. ഒരു വർഷമായി ഇത് മറികടക്കാനുള്ള ആലോചനയിലായിരുന്നു പത്മകുമാർ. മറ്റ് ക്രൈമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുറ്റകൃത്യം നടപ്പിലാക്കിയത്.
കാറിൽ യാത്ര ചെയ്ത് തട്ടിയെടുക്കാൻ പറ്റിയ കുട്ടികളെ അന്വേഷിച്ചു. ഈ കുട്ടികൾ ട്യൂഷൻ കഴിഞ്ഞ് പോകുന്നത് നിരീക്ഷിച്ചു. അത്തരത്തിൽ പലതവണ ഇവിടെ എത്തിയിരുന്നു. ഈ സംഭവത്തിൽ കുട്ടിയുടെ ചേട്ടനാണ് യഥാർത്ഥ ഹീറോ. കുട്ടിയിൽ നിന്ന് പ്രതികൾ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതിരോധമാണ് ഉണ്ടായത്. കുട്ടിയോട് അച്ഛന്റെ അടുത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.പ്രതികളുടെ വീടുകളിൽ കുട്ടിയെ എത്തിച്ചു. തുടർന്ന് കുട്ടിയുടെ അമ്മയുടെ നമ്പർ മനസിലാക്കി. പിന്നെ പാരിപ്പള്ളിയിൽ പോയി കടയുടമയിൽ നിന്ന് ഫോൺ വാങ്ങി വിളിച്ചു. പിന്നെയാണ് കേസ് ഇത്രയും മാധ്യമശ്രദ്ധ നേടിയെന്ന് ഇവർ മനസിലാക്കിയത്. ലിങ്ക് റോഡിൽ നിന്ന് ആശ്രാമം മൈതാനത്ത് കുട്ടിയെ ഓട്ടോയിൽ എത്തിച്ചത് അനിതാകുമാരിയാണ്.അനിതകുമാരിക്ക് ഈ പരിസരം അറിയാം.
പദ്മകുമാർ മറ്റൊരു ഓട്ടോ പിടിച്ച് പിന്നാലെ വന്നു. കോളേജ് കുട്ടികൾ കുട്ടിയെ കണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷം ഇരുവരും ഓട്ടോ പിടിച്ച് പോകുകയാണുണ്ടായത്.