കായംകുളത്ത് ആശുപത്രി ജീവനക്കാർക്ക് കുത്തേറ്റു. ചികിത്സയ്‌ക്കെത്തിയ മധ്യവയസ്കൻ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെയും ഹോം ഗാർഡിനെയും ആക്രമിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരൻ മധു, ഹോം ഗാർഡ് വിക്രമൻ എന്നിവർക്കാണ് പരുക്കേറ്റത്. കാപ്പിൽ സ്വദേശി ദേവരാജനാണ് ആക്രമണം നടത്തിയത്.
കാലിൽ മുറിവേറ്റെന്ന് പറഞ്ഞ് ചികിത്സയ്‌ക്കെത്തിയ ദേവരാജൻ പ്രകോപനമൊന്നും കൂടാതെ തന്നെ നേഴ്സിങ് റൂമിൽ അതിക്രമിച്ചു കടക്കുകയും അവിടെയുണ്ടായിരുന്ന കത്രിക കൈലാക്കുകയും ചെയ്തു. ഇയാളെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് സെക്യൂരിറ്റിക്കും ഹോം ഗാർഡും കുത്തേറ്റത്. മധുവിൻ്റെ വലത് കൈക്കും വിക്രമൻ്റെ വയറ്റിലുമാണ് കുത്തേറ്റത്. അക്രമിയെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ പൊലീസുകാരായ ശിവകുമാർ, ശിവൻ പിള്ള എന്നിവർക്കും സാരമായി പരുക്കേറ്റു. ദേവരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.