തിരുവനന്തപുരം: കണ്ടല ബാങ്ക് കള്ളപ്പണകേസിൽ പ്രതികളായ ഭാസുരാംഗൻ, മകൻ അഖിൽ എന്നിവരുടെ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് കോടതിയുടെ നിർദ്ദേശം. പ്രതികളുടെ ജാമ്യ ഹർജിയിലാണ് നടപടി. കണ്ടല ബാങ്കിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും സഹകരണ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയത് ആസ്തി ശോഷണമാണെന്നുമാണ് പ്രതികളുടെ വാദം. തങ്ങൾ ബാങ്ക് അക്കൗണ്ട് വഴി നടത്തിയ ഇടപാടുകളെ സ്ഥിരം നിക്ഷേപമായാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇത് ചിട്ടി തുകയും വീട് വിൽപ്പന നടത്തി ലഭിച്ചതടക്കമുള്ള തുകയുമാണെന്ന് പ്രതി അഖിൽജിത്ത് കോടതിയെ അറിയിച്ചു. തനിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കള്ളപ്പണ കേസിൽ ഒരു കണ്ടെത്തലും ഇഡി തനിക്കെതിരെ നടത്തിയിട്ടില്ലെന്നും ഒന്നാം പ്രതി ഭാസുരാംഗനും കോടതിയെ അറിയിച്ചു. വീഴ്ച പറ്റിയെന്ന് തന്നെപ്പോലെ തന്നെ സഹകരണ വകുപ്പ് കുറ്റപ്പെടുത്തിയ സെക്രട്ടറിയുടെ മൊഴിയാണ് തങ്ങൾക്കെതിരായ തെളിവായി ഇഡി ഹാജരാക്കിയതെന്നും പ്രതികൾ കോടതിയെ അറിയിച്ചു. ജാമ്യ ഹജിയിൽ ഈമാസം 12 ന് വാദം തുടരും. ഇരുവരുടെയും റിമാൻഡ് കാലാവധി ഈമാസം 18 വരെ നീട്ടി. കഴിഞ്ഞ നവംബർ 21 നാണ് അഖിൽ ജിത്തിനെയും ഭാസുരാംഗനെയും ഇഡി അറസ്റ്റ് ചെയ്തതത്. ഇരുവരുടേയും റിമാൻഡ് കാലവധിയും ഇന്ന് അവസാനിക്കും.
കേസിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത് നേതാക്കളുമായി ബന്ധമുള്ള പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ കേസ് അട്ടിമറിക്കപ്പെടുമെന്നുമാണ് ഇഡിയുടെ വാദം. അതേസമയം, കണ്ടലയിലേത് സംഘടിത കുറ്റകൃത്യമാണെന്നും മുഴുവൻ നിക്ഷേപങ്ങളെ കുറിച്ചും ആസ്തികളെക്കുറിച്ചും ഭാസുരാംഗൻ വെളിപ്പെടുത്തുന്നില്ലെന്നുമാണ് ഇഡി റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. തട്ടിപ്പിലൂടെ ലഭിച്ച പണം എന്ത് ചെയ്തെന്നറിയാൻ കൂടുതൽ രേഖകൾ കണ്ടെടുക്കേണ്ടതായുണ്ട്. സംഘടിത കുറ്റകൃത്യങ്ങളിലെ പങ്കാളികളാണ് പ്രതികൾ. പല ഇടപാടുകളും നടത്തിയിട്ടുള്ളത് ബിനാമി പേരുകളിലാണ്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരുടെ നിസ്സഹകരണം മൂലം ബാങ്കുകളിൽ നിന്നും മുഴുവൻ രേഖകൾ ലഭിച്ചിട്ടില്ലെന്നും റിമാന്റ് റിപ്പോർട്ടിലുണ്ട്.
മകൻ അഖിൽജിത്തിന്റെ മൊഴിയിലാണ് പല സാമ്പത്തിക ഇടപാടുകളെ കുറിച്ചുളള വിവരങ്ങളുളളത്. 42 ലക്ഷം രൂപയുടെ ബെൻസ് കാർ വാങ്ങി. സൂപ്പർ മാർക്കറ്റുകളിലും റസ്റ്റോറന്റുകളിലും ലക്ഷങ്ങൾ നിക്ഷേപിച്ചു. മാളവിക എന്റർപ്രൈസ് എന്ന പേരിൽ പിതാവും, ഭാര്യ പിതാവും പങ്കാളികളായ സ്ഥാപനം ആരംഭിച്ചു. ഈ സ്ഥാപനത്തിന്റെ അക്കൗണ്ടിലുള്ള 33.90 ലക്ഷം രൂപ സുഹൃത്തുക്കളിൽ നിന്നും സഹോദരിയിൽ നിന്നും വാങ്ങിയതാണെന്നും അഖിൽജിത്ത് മൊഴി നൽകിയിരുന്നു.