തിരുവനന്തപുരം: തെക്കൻ ജില്ലക്കാരെയും തരൂരിനെയും അധിക്ഷേപിച്ചും ബി.ജെ.പി അനുകൂല പ്രസ്താവനയെ ന്യായീകരിച്ചും സുധാകരൻ നടത്തിയ അഭിമുഖത്തിലെ പ്രസ്താവനകൾ ഏറ്റെടുത്ത് രാഷ്ട്രീയ കേരളം. സി.പി.എമ്മും ബി.ജി.പിയും ശക്തമായി പ്രതിഷേധിച്ചു രംഗത്ത് വന്നു.
ശശി തരൂർ കോൺഗ്രസിൽ ഇപ്പോഴും “ട്രെയിനി’ മാത്രമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സംഘടനയെ നയിക്കാനുള്ള കഴിവ് തരൂരിനില്ല. തനിക്ക് തോന്നിയാൽ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. ലീഗ് പോയാൽ യുഡിഎഫിലേക്ക് വരാൻ വേറെ പാർട്ടികളുണ്ടെന്നും സുധാകരൻ തുറന്നടിച്ചു. “ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസി’ ന് നൽകിയ അഭിമുഖത്തിലാണ് സുധാകരന്റെ പ്രതികരണം.
തെക്കൻ കേരളത്തിലുള്ളവരെ അപമാനിക്കുന്ന പ്രതികരണങ്ങളും സുധാകരൻ അഭിമുഖത്തിൽ നടത്തിയിട്ടുണ്ട്. വടക്കൻ കേരളത്തിൽ നിന്നുള്ള നേതാക്കന്മാരെല്ലാം നേരായ വഴിയിലൂടെ ചിന്തിക്കുന്നവരാണ്. എന്നാൽ തെക്കൻ കേരളത്തിൽ അങ്ങനെയല്ല. ഇതിന് ചരിത്രപരമായ കാരണങ്ങളുണ്ടെന്നും സുധാകരൻ പറയുന്നു.
മുസ്ലിം ലീഗ് യുഡിഎഫ് വിട്ടാൽ മുന്നണിയിലേക്ക് വരാൻ വേറെ പാർട്ടികളുണ്ട്. ലീഗ് ഇല്ലെങ്കിൽ കോൺഗ്രസും യുഡിഎഫും ഇല്ലെന്ന് പറയുന്നതിൽ കാര്യമില്ല. സിപിഐ മാത്രമല്ല, കേരള കോൺഗ്രസും എൽഡിഎഫിൽ തൃപ്‌തരല്ല. കോൺഗ്രസിലെ ഒരു നേതാവാണ് കേരള കോൺഗ്രസ് മുന്നണി വിടാൻ പ്രധാന കാരണക്കാരൻ. അദ്ദേഹത്തിന്റെ ചില പ്രസ്‌താവനകൾ അവരെ പ്രകോപിപ്പിച്ചു.
കേരളത്തിലെ നേതാക്കൾക്ക് തരൂർ നേതൃത്വത്തിലേക്ക് ഉയരുമോ എന്ന ആശങ്കയില്ല. നയിക്കാനുള്ള കഴിവ് മാത്രമാണാവശ്യം. തരൂരിന് സംഘടനയെ നയിച്ചുള്ള പാരമ്പര്യമില്ല. ഒരുപാട് പദവികൾ വഹിച്ചശേഷമാണ് താൻ കെപിസിസി അധ്യക്ഷനാകുന്നത്. എന്നാൽ തരൂരിന് രാഷ്‌ട്രീയത്തിൽ അതുപോലുള്ള പരിചയമില്ല. മല്ലികാർജുൻ ഗാർഖെ 80 വയസ്സുകാരനാണെങ്കിലും രാഷ്‌ട്രീയത്തിൽ നല്ല പരിചയമുള്ളയാളാണ്.
തരൂരിന് പാർട്ടിയെ നയിക്കാനാവില്ലെന്ന് നേരിട്ട് ഞാൻ പറഞ്ഞിട്ടുള്ളതാണ്. തരൂർ പ്രസിഡന്റായാൽ ഒരു “ട്രെയിനി’ ഫാക്‌ടറി നിയന്ത്രിക്കുന്നതിന് തുല്യമായിരിക്കും. ഒരു ബൂത്ത് പ്രസിഡന്റ് പദവിപോലും വഹിക്കാത്തയാളാണ് തരൂർ. തരൂർ സ്വന്തം വ്യക്തിത്വം കൊണ്ടാണ് തിരുവനന്തപുരത്ത് ജയിക്കുന്നതെന്ന് പറയുന്നത് ശരിയല്ല. കോൺഗ്രസ് ഇല്ലെങ്കിൽ അദ്ദേഹത്തിന് ജയിക്കാനാവില്ല.
പാർട്ടി മോശം അവസ്ഥയിലാണെങ്കിൽ നേതാക്കൾ ബിജെപിയിലേക്ക് പോകുന്ന സ്ഥിതി ഉണ്ടാകുന്നതിൽ അത്‌ഭുതമില്ല. അധികാരം ഇല്ലെങ്കിൽ നിരാശരാകുന്ന നേതാക്കളുണ്ട്. തോന്നിയാൽ ബിജെപിയിൽ പോകുമെന്ന് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. എന്നാൽ കോൺഗ്രസ് വിടുന്നതിനെപ്പറ്റി ഇപ്പോൾ ചിന്തിക്കുന്നതേയില്ല – സുധാകരൻ പറഞ്ഞു.
വടക്കൻ കേരളത്തിൽ നിന്നുള്ള നേതാക്കന്മാരെല്ലാം നേരായ വഴിയിലൂടെ ചിന്തിക്കുന്നവരാണ്. എന്നാൽ തെക്കൻ കേരളത്തിൽ അങ്ങനെയല്ല. അതിന് ചരിത്രപരമായ ചില കാരണങ്ങളുണ്ട് – സുധാകരൻ പറഞ്ഞു.
സി.പി.എം
………………..
തെക്കൻ കേരളീയരെ അധിക്ഷേപിച്ചുള്ള കെ സുധാകരൻ്റെ പ്രസ്‍താവയ്ക്ക് എതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ആളുകളെ വിലയിരുത്തേണ്ടത് പ്രദേശത്തെ നോക്കിയല്ലെന്നും അവർ സ്വീകരിക്കുന്ന നിലപാടുകൾ നോക്കിയാവണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മലയാളികളെ ഒന്നായി കാണണം. ഐക്യം രൂപപ്പെടുത്താനാണ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കേണ്ടത്. ജനതയെ ഐക്യത്തോടെ നയിക്കണം. അല്ലാതെ തെക്കെന്നും വടക്കെന്നും വിഭജിക്കരുതെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു.
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് കെ സുധാകരൻ്റെ വിവാദ പരാമർശം. തെക്കൻ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള വ്യത്യാസം എന്താണെന്നായിരുന്നു ചോദ്യം. ഇതിന് നൽകിയ മറുപടിയാണ് വിവാദമായത്. സുധാകരൻ നൽകിയ മറുപടി ഇങ്ങനെ – ‘അതെ, അതിൽ ചരിത്രപരമായ വ്യത്യാസങ്ങളുണ്ട്. ഞാനൊരു കഥ പറയാം. രാവണനെ വധിച്ച് ശ്രീരാമ ദേവൻ ലങ്കയിൽ നിന്ന് ലക്ഷ്‌മണനും സീതയ്ക്കുമൊപ്പം പുഷ്പക വിമാനത്തിൽ തിരികെ വരികയായിരുന്നു. വിമാനം ദക്ഷിണ കേരളത്തിന് മുകളിലെത്തിയപ്പോൾ തൻ്റെ സഹോദരനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി പോകാൻ ലക്ഷ്‌മണൻ ആലോചിച്ചു. എന്നാൽ തൃശ്ശൂരിലെത്തിയപ്പോൾ ലക്ഷ്‌മണന് മനംമാറ്റമുണ്ടായി. അദ്ദേഹത്തിന് പശ്ചാത്താപമുണ്ടായി. എന്നാൽ രാമൻ അദ്ദേഹത്തിൻ്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു, ഞാൻ നിൻ്റെ മനസ് വായിച്ചു. അത് നിൻ്റെ തെറ്റല്ല. നമ്മൾ കടന്നുവന്ന ഭൂമിയുടെ പ്രശ്നമാണ്’.
സുധാകരൻ്റെ പ്രസ്താവനക്കെതിരെ സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ള പ്രമുഖർ രംഗത്ത് വന്നിരുന്നു. സമൂഹ മാധ്യമങ്ങളിൽ സുധാകരനെതിരെ ട്രോളുകളും പ്രചരിക്കുന്നുണ്ട്. ശ്രീമാൻ കെ സുധാകരൻ, തെക്കും വടക്കുമല്ല പ്രശ്നം, മനുഷ്യ ഗുണമാണ് വേണ്ടതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. കോൺഗ്രസെന്ന പുഷ്പക വിമാനത്തിലെ ആരൊക്കെയാണ് ഉദ്ദേശിച്ചതെന്ന് സുധാകരൻ തന്നെ വ്യക്തമാക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടിരുന്നു.
ബി.ജെ.പി
………………..
രാമായണത്തെ ദുർവ്യാഖ്യാനം ചെയ്ത് ഉദാഹരിച്ച് തെക്കൻ കേരളത്തെ കുറ്റപ്പെടുത്തിയ കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. സുധാകരന്‍റെ പ്രസ്താവന അങ്ങേയറ്റം അപമാനകരമെന്നും അറിയാത്ത കാര്യങ്ങൾ അനാവശ്യമായി പറഞ്ഞ് കേരളത്തിലെ തെക്ക് ഭാഗത്ത് ഉള്ളവരെ അപമാനിച്ചെന്നും സുരേന്ദ്രൻ പറഞ്ഞു. സുധാകരന്‍റെ വാക്കുകൾ കേരളത്തിലെ ജനങ്ങളെ മൊത്തം അപമാനിക്കുന്നതാണെന്നും ചരിത്രബോധം സുധാകരന് നഷ്ടപ്പെട്ടെന്നും ബി ജെ പി അധ്യക്ഷൻ അഭിപ്രായപ്പെട്ടു. ഐക്യ കേരള രൂപീകരണത്തിന് അഭിമാനമായ ഒട്ടേറെ പേർക്ക് ജൻമം നൽകിയ സ്ഥലമാണ് തെക്കൻ കേരളമെന്നും സുരേന്ദ്രൻ ഓർമ്മപ്പെടുത്തി. കെ സുധാകരനെ കെ പി സി സി പ്രസിഡന്‍റ് സ്ഥാനത്ത് തുടരാൻ രാഹുൽ ഗാന്ധി അനുവദിക്കരുതെന്നും പാലക്കാട് ജനിച്ച് തിരുവന്തപുരത്ത് പോയി എം പിയായ ശശി തരൂർ ഇക്കാര്യത്തിൽ മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇക്കാര്യത്തിൽ മറുപടി പറയണം.
സംഭവം വിവാദമായതോടെ പരാമർശങ്ങൾ പിൻവലിക്കുന്നതായി സുധാകരൻ പറഞ്ഞു. ക്ഷമയും ചൊതിച്ചു