കേരളത്തിന്റെ പോക്ക് ഇതെങ്ങോട്ടാണ്? നാളുകൾ കഴിയുംതോറും കേരളത്തിൽ ഇത് എന്തൊക്കെയാണ് സംഭവിക്കുന്നത്? കുറേ നാൾ ഗുണ്ടാ അക്രമങ്ങൾ ആയിരുന്നു അരങ്ങ് വാണത് എങ്കിൽ ഇപ്പോൾ ലൈംഗിക അതിക്രമങ്ങൾ ആ സ്ഥാനം കൈയ്യടക്കിയിരിക്കുകയാണ്.
കഴിഞ്ഞ കുറേ നാളുകളായി ലൈംഗിക അതിക്രമങ്ങൾ കേരളത്തിൽ വർധിച്ചു വരുന്നു എന്ന് കാണാൻ കഴിയും. കുട്ടികൾ മുതൽ വൃദ്ധർ വരെ ലൈംഗിക അതിക്രമത്തിന് വിധേയരാകുന്നു എന്നത് ഞെട്ടിപ്പിക്കുന്ന ഒന്നാണ്.
വിവിധ മേഖലകളിൽ വിവിധ ഇടങ്ങളിൽ വെച്ച് പലതരത്തിലുള്ള ലൈംഗിക ചൂഷണങ്ങൾക്കും വിധേയരാകുന്ന സ്ത്രീകൾ അത് പുറത്ത് പറയാൻ ധൈര്യം കാണിക്കുന്നില്ല. കുടുംബത്തിന്റെ നിലയും വിലയും പിന്നെ അഭിമാനവും തകരാതിരിക്കാൻ അവർ ഈ കാര്യങ്ങളെല്ലാം തങ്ങളിൽ തന്നെ ഒതുക്കുന്നു.എന്നാൽ ചിലർ ധൈര്യപൂർവം മുന്നോട്ട് വരാറുണ്ട്.അത്തരം ചിലരുടെ വെളിപ്പെടുത്തലുകളാൽ സമൂഹത്തിൽ നല്ലപിള്ള ചമഞ്ഞു നടന്നവർ ഇപ്പോൾ അഴിക്കുള്ളിലാണ്.
മീ ടൂ എന്നത് ഇന്ന് പലർക്കും പേടി സ്വപ്നമാണ്.മീ ടൂ ആരോപണത്തിൽ കുടുങ്ങിയ പല വമ്പൻമാരെയും നാം ഇതിനു മുൻപ് കണ്ടിട്ടുണ്ട്. ടാറ്റൂ ചെയ്യുന്നതിനിടെ യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ പ്രമുഖ ടാറ്റൂ ആർട്ടിസ്റ്റ് പി .എസ്. സുജീഷി നെതിരെ ഉയർന്ന് വന്ന ആരോപണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം ചർച്ച ചെയ്യുകയാണ്.ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് അപമര്യാദയായി പെരുമാറുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്ന് കഴിഞ്ഞ ദിവസം 18കാരി സമൂഹമാദ്ധ്യമങ്ങളിലൂടെ വെളി പ്പെടുത്തിയതി ന് പിന്നാലെ സമാന അനുഭവം തുറന്നുപറഞ്ഞ് അഞ്ച് യുവതികൾ പൊലീസിനെ സമീപിക്കുകയായിരുന്നു.
പ്രതിക്കെതിരെ 6 യുവതികളുടെ പരാതി ലഭിച്ചതോടെ ബലാൽസംഗമുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പൊലീസ് 6 കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. സുജീഷിനെതിരെ പരാതിയുമായി വിദേശ വനിതയും രംഗത്തെത്തിയിരുന്നു. കൊച്ചിയിലെ കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരിക്കേ ഇന്‍ക്ഫെക്ടഡ് സ്റ്റുഡിയോയില്‍ വെച്ച് സുജേഷ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. 2019 ലാണ് വിദേശ വനിതക്ക് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നത്. യൂത്ത് എക്സേ്ഞ്ച് പ്രോഗ്രാമിന്‍റെ ഭാഗമായി കൊച്ചിയിലെ കോളേജില്‍ ബിരുദത്തിന് പഠിക്കുകയായിരുന്നു ഈ യുവതി. ടാറ്റു ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഒരു പുരുഷ സുഹൃത്താണ് സുജേഷിന്‍റെ ഇടപ്പള്ളിയിലെ ഇന്‍ക്ഫെക്ടഡ് സ്റ്റുഡിയോയില്‍ കൊണ്ടു പോകുന്നത്. ടാറ്റു വര തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോള്‍ സുജേഷ് പുരുഷ സുഹൃത്തിനോട് മുറിക്ക് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു. മുറിയില്‍ സ്ഥല സൗകര്യം കുറവാണെന്ന് പറഞ്ഞായിരുന്നു ഇത്.
ഇതിനുശേഷം തന്‍റെ നേരെ ലൈംഗിക അതിക്രമം തുടങ്ങിയെന്ന് പരാതിയില്‍ യുവതി പറയുന്നു. ശല്യം വര്‍ധിച്ചതോടെ സുഹൃത്തിന് മൊബൈല്‍ ഫോണില്‍ സന്ദേശം അയച്ചു. ഇത് കണ്ടതോടെ സുജേഷ് ദേഷ്യപ്പെട്ടെന്നും പരാതിയിലുണ്ട്. സുജേഷിനെതിരെ നിരവധി യുവതികള് മീടു പോസ്റ്റിട്ട കാര്യം സുഹൃത്തില്‍നിന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് പരാതി നല്‍കാന്‍ വിദേശ വനിതയും തീരുമാനിച്ചത്. തുടര്‍ന്ന് ഇമെയില്‍ മുഖേന കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെ വനിതയുടെ വിശദമായി മൊഴി രേഖപ്പെടുത്തുമെന്ന് കമ്മീഷണര്‍ അറിയിച്ചു. ഇതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. നിലവില്‍ ചേരാനല്ലൂര്‍ സ്റ്റേഷനില്‍ രണ്ടും പാലാരിവട്ടം സ്റ്റേഷനില്‍ നാല് കേസും സുജേഷിനെതിരെയുണ്ട്.
വിദേശ വനിത കൂടി പരാതി നല്‍കിയതോടെ സുജേഷിന് എതിരെ പരാതി നല്‍കിയവരുടെ എണ്ണം ഏഴായി. ടാറ്റു ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന മീടു ആരോപണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടയുടന്‍ സുജേഷ് ഒളിവില്‍ പോയിരുന്നു. പിന്നാലെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനായി അഭിഭാഷകനെ കാണാന്‍ വരുന്നതിനിടെ പൊലീസ് സുജേഷിനെ പിടികൂടുകയായിരുന്നു. സുജേഷിന്‍റെ ഉടമസ്ഥതയിലുള്ള ഇൻക്ഫെക്ടഡ് എന്ന ടാറ്റു കേന്ദ്രത്തില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതികളുടെ പരാതി. കൊച്ചി നഗരത്തില്‍ ആലുന്‍ചുവടും ചേരാനല്ലുരിലുമായി രണ്ട് ടാറ്റു കേന്ദ്രങ്ങല്‍ ഇയാള്‍ക്കുണ്ട്. രണ്ടിടത്തും പീഡനങ്ങള്‍ നടന്നുവെന്നാണ് പരാതി. പരാതിക്കാരായ നാല് യുവതികളുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തായതിനാല്‍ മൊഴി നല്‍കാന്‍ പിന്നീട് വരാമെന്നാണ് രണ്ട് യുവതികള്‍ അറിയിച്ചിരിക്കുന്നത്.
സുജീഷിന്റെ കേസിനൊപ്പം ചേർത്ത് വെയ്ക്കാവുന്ന രണ്ട് കേസുകൾ കൂടി കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലുണ്ടായി. കേരളത്തിൽ അറിയപ്പെടുന്ന ബ്രൈഡൽ മേക്കപ്പ് ആർട്ടീസ്റ്റായ അനീസ് അൻസാരിയാണ് അതിൽ ഒരാൾ മറ്റൊരാൾ യുവ സംവിധായകൻ ലിജു കൃഷ്ണയും. കല്യാണാവശ്യങ്ങൾക്കായി മേക്കപ്പിടുന്നതിനിടെ കടന്നുപിടിക്കുകയും ലൈംഗികമായി പെരുമാറുകയും ചെയ്തുവെന്നാണ് അനീസിന് എതിരെയുള്ള പരാതി. സാമൂഹിക മാധ്യമങ്ങളിൽ ഇയാൾക്കെതിരെ മീ ടൂ (Me Too) ആരോപണം ഉയർന്നപ്പോൾ തന്നെ ഇയാൾ നാടു വിടുകയായിരുന്നു.
കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോ ഉടമ സുജീഷിനെതിരെ പീഡനാരോപണം ഉയർന്ന ശേഷമാണ് അനീസ് അൻസാരിക്കെതിരെയും ആരോപണം ഉയർന്നത്.പരാതി നൽകിയ മൂന്ന് യുവതികളും ഇപ്പോൾ കേരളത്തിന് പുറത്താണ്. 2014 മുതൽ അനീസിന്റെ മേക്കപ്പ് സ്റ്റുഡിയോയിൽ പോയ സ്ത്രീകളാണ് ഇൻസ്റ്റാഗ്രാമിൽ തുറന്ന് പറച്ചിൽ നടത്തിയിരിക്കുന്നത്. സ്ത്രീകൾക്കു പുറമേ, ഇരയായ സ്ത്രീകളുടെ ഭർത്താക്കന്മാരും അനീസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
മേക്കപ്പ് ചെയ്യുന്നതിനിടയിൽ അനാവശ്യമായി സ്തനങ്ങളിലും വയറിലും പിടിക്കുക, അനുവാദമില്ലാതെ മേൽവസ്ത്രം ഊരിമാറ്റുക, ലൈംഗിക ചുവയോടെ സംസാരിക്കുക, സ്തനങ്ങൾക്കു ചുറ്റും ഫൗണ്ടേഷൻ ഇടുന്നതിന്റെ ഭാഗമായി ബ്രഷുപയോഗിച്ച് തഴുകുക, പിന്നീട് മൊബൈൽ ഫോണിലേക്ക് സന്ദേശങ്ങളയക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്.
2019 ൽ ഒരു പെൺകുട്ടി വിവാഹത്തിനായുള്ള മേക്കപ്പിന് അനീസിനെയാണ് ബുക്ക് ചെയ്തിരുന്നത്. ഇതിന്റ ഭാഗമായി, ട്രയൽ മേക്കപ്പിനായി ഒരാഴ്ച മുൻപ് ഇയാളുടെ മേക്കപ്പ് സ്റ്റുഡിയോയിൽ മാതാവുമൊന്നിച്ച് എത്തി. അവിടെ വച്ച് ഇയാൾ അപമര്യാദയായി പെരുമാറി. ശരീരത്തിൽ കടന്നു പിടിക്കുകയും മസ്സാജ് ചെയ്യുകയും ചെയ്തു. ഇതോടെ, മേക്ക്പ്പ് നിർത്താൻ ആവശ്യപ്പെടുകയും, പുറത്ത് വന്ന് മാതാവിനോട് ഇക്കാര്യം പറഞ്ഞ് ബുക്കിങ് ക്യാൻസൽ ചെയ്യിപ്പിക്കുകയും ചെയ്തു എന്നാണ് ഇൻസ്റ്റാഗ്രാമിലെ ഒരു ആരോപണം. മറ്റൊരാരോപണം, വിവാഹ നിശ്ചയത്തിന്റെ ആവശ്യത്തിനായി മേക്കപ്പ് ചെയ്യാനായി തനിയെ പോയ മറ്റൊരു പെൺകുട്ടിയുടെ ഷർട്ട് ഇയാൾ ഊരിയെടുത്തു. ഞെട്ടിപ്പോയ പെൺകുട്ടി എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയി. തൊട്ടടുത്ത വിവാഹ നിശ്ചയത്തിന് എന്തെങ്കിലും പ്രശ്നം വരുമോ എന്ന് ഭയന്ന് മറ്റാരോടും ഇത് പറയാതെ മനസ്സിൽ അടക്കി വച്ചിരിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലെ പോസ്റ്റുകളെ തുടർന്ന്, സ്റ്റുഡിയോ ഉടമ മുങ്ങിയതായാണ് സൂചന.
യുവ സംവിധായകൻ ലിജു കൃഷ്‌ണക്ക് എതിരെ ഉയരുന്നത് ഗുരുതരമായ ആരോപണങ്ങൾ ആണ്. വിമൺ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന പേജിലൂടെയാണ് പീഡനത്തിനിരയായ യുവതി രംഗത്ത് വന്നിരിക്കുന്നത്. 2020-2021 വരെയുള്ള കാലഘട്ടത്തിലാണ് പീഡനം നടന്നതെന്നും ആകാലമത്രയും ബലം പ്രയോഗിച്ച് എന്നെ മാനസികവും ശാരീരികവും ലൈംഗികമായി മുതലെടുപ്പ് നടത്തിയെന്നും യുവതി പറയുന്നു. 2021 ജനുവരിയിൽ ഗർഭിണിയാണെന്നറിയുകയും ഗർഭച്ഛിദ്ദം നടത്തുകയും അതിന് പിന്നാലെ ശാരീരികവും മാനസികവുമായ ആരോഗ്യം പൂർണമായി തകരുകയും ചെയ്തുവെന്നും യുവതി കൂട്ടിച്ചേർത്തു. ലിജു കൃഷ്ണ പ്രാഥമിക ചോദ്യം ചെയ്യലിൽ തന്നെ കുറ്റം സമ്മതിച്ചു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
വർധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങൾക്ക് എതിരെ ശക്തവും കൃത്യവും ആയ ഒരു നടപടി സ്വീകരിക്കാൻ എന്തുകൊണ്ടാണ് ഇവിടുത്തെ നിയമ വ്യവസ്ഥിതി തയ്യാറാക്കാത്തത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. പെണ്ണെന്നാൽ ഒരു ലൈംഗിക ഉപകരണം ആണെന്ന തോന്നൽ ഈ അടുത്തിടെയായി ചിലരുടെ മനസ്സിൽ കയറിക്കൂടിയിട്ടുണ്ട്. ആ ചിന്താഗതി നല്ലതിനല്ല. മീ ടൂ ആരോപണങ്ങളിൽ പോലും പറയാതെ കുറെയേറെ കേസുകൾ ഇനിയും മുങ്ങിക്കിടപ്പുണ്ട്. പലർക്കും പറയാൻ സാധിക്കാത്ത ഇത്തരം അനേകം ലൈംഗിക അതിക്രമങ്ങൾ ഇനിയും വർധിക്കുകയാണെങ്കിൽ കേരളം നാളെ എവിടെ എത്തി നിൽക്കും എന്നത് പറയാനാകില്ല.
ഒള്ളത് പറഞ്ഞാൽ || ഒരു സമ്പൂർണ്ണ പരാജയ വോട്ട് കഥ
https://www.facebook.com/varthatrivandrumonline/videos/940029926657645