തിരുവനന്തപുരം നെടുമങ്ങാട് സൂര്യഗായത്രി കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും. പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടിൽ അരുണിനാണ് (29) തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ. വിഷ്ണു ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. നെടുമങ്ങാട് കരുപ്പൂര് ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകക്ക് താമസിച്ചിരുന്ന സൂര്യഗായത്രി(20)യെ കുത്തിക്കൊലപ്പെടുത്തുകയും തടയാൻ ശ്രമിച്ച മാതാവ് വത്സലയെ പരുക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതി കുറ്റക്കാരണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിധി.
കൊലപാതകം, കൊലപാതകശ്രമം, ഭവന കൈയേറ്റം, കുറ്റകരമായ ഭയപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.