കാപ്പ ചുമത്തപെട്ട നിരവധി കേസുകളിലെ പ്രതിയെ തട്ടിക്കൊണ്ടു പോയി കൊല്ലുവാൻ ആസൂത്രിത ശ്രമം. പോലീസ് കാപ്പ ചുമത്തിയിട്ടുള്ളതും ജില്ലയിൽ പ്രവേശനവിലക്കുള്ളയാളുമായ നിലമേൽ വാഴോട് മൈലകുന്നിൽ വീട്ടിൽ എ.നിസാമിനെ(40) തട്ടിക്കൊണ്ടുപോയി മർദിച്ച സംഘം അറസ്റ്റിൽ. നിസാമിനെ അവശനിലയിലാണ് പോലീസ് കണ്ടെത്തിയത്. ഗുണ്ടാസംഘത്തിലെ നാലുപേരെയും ഇവർക്കു സഹായം നൽകിയയാളെയുമാണ് കിളിമാനൂർ പോലീസ് അറസ്റ്റുചെയ്തത്. മറ്റ് മൂന്നു പ്രതികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നതായി പോലീസ് പറഞ്ഞു.കൊല്ലം അയത്തിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ ശിവകുമാർ(28), മണമ്പൂർ മുള്ളറംകോട്, സതിനിവാസിൽ ബിനു(32), പുല്ലമ്പാറ വിജിഭവനിൽ വർക്കി എന്ന ബിജു(39), നരിക്കല്ലുമുക്ക് ബിസ്മി ബംഗ്ലാവിൽ ഷെറിൻ മുബാറക്ക്(38), ഇവർക്കു സഹായങ്ങൾ നൽകിയ തൊടുപുഴ ഇലവുംതടത്തിൽ വീട്ടിൽ ആഷിഖ്(35) എന്നിവരെയാണ് കിളിമാനൂർ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 28-ന് രാത്രി ഒൻപതു മണിയോടെ പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ്സ്റ്റാൻഡിനു സമീപത്തുനിന്നാണ്, നിരവധി കേസുകളിൽ പ്രതിയായ നിസാമിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത്. കല്ലമ്പലം സ്വദേശിനിയായ ഷെറിൻ മുബാറക്കിന്റെ ഉടമസ്ഥതയിലുള്ള ലോറി ഇവരുടെ ഡ്രൈവറായ നിസാം ഓട്ടം പോയതിനു ശേഷം തിരികെനൽകിയില്ല. നിരവധി കേസുകളിലെ പ്രതിയായ കർണൽ രാജിന്റെ മേൽനോട്ടത്തിലുള്ളതാണ് ലോറി. ഷെറിൻ മുബാറക്ക് നിസാമിനെ വകവരുത്താൻ ഗൂഢാലോചന നടത്തി ഗുണ്ടാസംഘത്തെ നിയോഗിച്ചതാണെന്ന് പോലീസ് പറയുന്നു.കർണ്ണൽ രാജ്, ജോസ് ജോയി, മനു റൊണാൾഡ്, ശിവകുമാർ, ബിനു, ബിജു എന്നിവർ ചേർന്ന് രണ്ടു കാറുകളിലായി കിളിമാനൂരിലെത്തി നിസാമിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. തുടർന്ന് കോയമ്പത്തൂർ, മൈസൂർ എന്നിവിടങ്ങളിൽ തടങ്കലിൽ പാർപ്പിച്ച് ക്രൂരമായി മർദ്ദിക്കുന്നതിനിടെ നിസാം രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്ന് കിളിമാനൂർ പോലീസ് മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തട്ടിക്കൊണ്ടുപോയ സംഘത്തിൽനിന്നു രക്ഷപ്പെട്ട് അവശനിലയിൽ നിലമേലെത്തിയ നിസാമിനെ പോലീസ് കണ്ടെത്തുകയായിരുന്നു.
പ്രതികൾ കുറ്റകൃത്യത്തിനുപയോഗിച്ച മൂന്ന് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘത്തിലെ മറ്റു മൂന്നു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.