യേശുദേവന്റെ കുരിശേറ്റ സ്മരണയില്‍ ക്രൈസ്തവ സമൂഹം ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. പള്ളികളില്‍ പീഡാനുഭവ വായനയും കുരിശിന്റെ വഴിയുമുള്‍പ്പെടെയുള്ള ചടങ്ങുകളും നടക്കും.
ഒരു കുറ്റവും അവനുമേല്‍ തെളിയിക്കപ്പെട്ടില്ല. പരിഹസിക്കപ്പെടാന്‍ മാത്രമൊരു ചെയ്തിയും അവന് ചെയ്തിരുന്നില്ല. വെറുതേ ഉയര്‍ന്നു താഴുന്നതെന്തിനെന്ന് കൊടും പീഢനത്തിന്റെ ചാട്ടവാറുകള്‍ പോലും സ്വയം ചോദിച്ചു. പീലാത്തോസിന്റെ ഭവനം മുതല്‍ ഗാകുല്ത്താമല വരെ ആ തോളിലേറിയ കൂറ്റന്‍ കുരിശ് ത്യാഗത്തിന്റെ നേരറിവ് പാട്ടായി.
എല്ലാവര്ക്കും വേണ്ടി ത്യാഗത്തിന്റെ കുരിശ് സ്വയം ചുമന്ന് മരണമേറ്റു വാങ്ങിയ യേശുവിന്റെ സ്മരണയില്‍ ക്രൈസ്തവ സമൂഹമിന്ന് ദുഃഖവെള്ളി ആചരിക്കുകയാണ്. പീഡാനുഭവ വായനയാല്‍ ആ ത്യാഗം സ്മരിക്കപ്പെടുകയാണ്. പീലാത്തോസിന്റെ മുന്നില്‍ വിചാരണയ്ക്കായി നിന്നതുമുതല്‍ മൃതശരീരം അടക്കം ചെയ്യുന്നത് വരെയുള്ള സംഭവങ്ങളാണ് പീഡാനുഭവത്തില്‍ വായിക്കപ്പെടുക.
കുരിശിന്റെ വഴി, വിശുദ്ധ കുരിശിന്റെ അനാച്ഛാദനം, ആരാധന, വിശുദ്ധ കുര്‍ബാന സ്വീകരണം തുടങ്ങിയ ചടങ്ങുകളും നടക്കും. കുരിശിലേറിയേശുദേവന് അനുഭവിച്ച വേദന അനുസ്മരിച്ച് കയ്പ്പുനീര് കുടിക്കുന്ന ചടങ്ങും നടക്കും. തന്റെ സത്യത്തിലും നീതിയിലും അചഞ്ചലവിശ്വാസം കാത്തുസൂക്ഷിക്കുന്നവന് ഏത് കുരിശില്‍ നിന്നും ഉയിര്ത്തെഴുന്നേല്ക്കുമെന്നും മുള്‍ക്കിരീടങ്ങള്‍ അഴിഞ്ഞുവീഴുമെന്നുമുള്ള ശുഭപ്രതീക്ഷയില്‍ ഈ ദിനത്തിനപ്പുറം മൂന്നാം ദിനത്തിലെ സന്തോഷത്തിന്റെ പുലരിക്കായുള്ള കാത്തിരിപ്പില്‍ കൂടിയാണ് വിശ്വാസികള്‍.