ന്യൂഡൽഹി: ജി20 ഉച്ചക്കോടിയിലും ഇന്ത്യക്ക് പകരം പ്രത്യക്ഷപ്പെട്ട് ഭാരത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിലാണ് ഭാരതത്തിന്റെ ബോർഡ് പ്രത്യക്ഷപ്പെട്ടത്. ഭാരതത്തിന്റെ രാഷ്ട്രതലവൻ എന്നാണ് മോദിയെ ബോർഡിൽ വിശേഷിപ്പിച്ചിരിക്കുന്നത്. നേരത്തെ ജി20 ഉച്ചക്കോടിക്ക് മുമ്പ് പ്രസിഡന്റ് ദ്രൗപതി മുർമ്മുവിന്റെ അത്താഴവിരുന്നിന്റെ ക്ഷണക്കത്തിലും ഭാരത് പ്രത്യക്ഷപ്പെട്ടിരുന്നു.
ക്ഷണക്കത്തിൽ ’പ്രസിഡന്റ് ഓഫ് ഭാരത്’ എന്നായിരുന്നു മുർമ്മുവിനെ വിശേഷിപ്പിച്ചിരുന്നത്. ഇതിനെതിരെ വിവിധതലങ്ങളിലൽ നിന്ന് പ്രതിഷേധമുയരുകയും ചെയ്തിരിന്നു. ഇതിനിടെയാണ് ജി20 ഉച്ചകോടി വേദിയിലും ഭാരത് പ്രത്യേക്ഷപ്പെട്ടിരിക്കുന്നത്.
അതേസമയം, ജി20 ഉച്ചക്കോടിക്ക് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ തുടക്കമായി. യു.എസ് ഉൾപ്പടെ പ്രധാനപ്പെട്ട രാജ്യങ്ങളുടെയെല്ലാം തലവൻമാർ ഉച്ചക്കോടിയിൽ പങ്കെടുക്കുന്നുണ്ട്. ലോകത്തെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മൊറോക്കോയിൽ ഭൂകമ്പത്തിൽ മരിച്ചവർക്ക് അനുശോചനം അറിയിച്ചാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. മൊറോക്കോക്ക് ആവശ്യമായ സഹായം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.