കൊച്ചി: കൊച്ചിയിലെ ഹോട്ടലിൽ പൊലീസിന്‍റെ വന്‍ ലഹരിമരുന്ന് വേട്ട. ഒരു കോടി രൂപ വില വരുന്ന എംഡിഎംഎയുമായി നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. 300 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ബെംഗലൂരുവിൽ നിന്ന് ലഹരിമരുന്ന് കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തുന്ന ലഹരി മാഫിയ സംഘത്തിലെ അംഗങ്ങളാണ് പിടിയിലായത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊച്ചി നോർത്ത് റെയിൽവെ സ്റ്റേഷന് സമീപത്തെ ഹോട്ടൽ റെയ്ഡ് ചെയ്ത് നാല് പേരെ പൊലീസ് പിടികൂടിയത്. എറണാകുളം പുതുവൈപ്പ് സ്വദേശി ബിനീഷ് നായർ, ഏലൂർ സ്വദേശികളായ നവീൻ, ആദിത്യൻ, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഹോട്ടൽ മുറിയിൽ ഒളിപ്പിച്ചിരുന്ന ബിനീഷിന്‍റെ ബാഗിനുള്ളിലായിരുന്നു എംഡിഎംഎ. 300 ഗ്രാം തൂക്കം വരുന്ന ലഹരി മരുന്നിന് വിപണിയിൽ ഒരു കോടി രൂപ വില വരും.രണ്ട് സംഘങ്ങളായിട്ടാണ് ഇവർ ബെംഗലൂരുവിൽ നിന്ന് ലഹരിമരുന്ന് കൊണ്ടുവന്നിരുന്നത്. ഒരു സംഘം വിമാനത്തിലും മറ്റൊരു സംഘം റോഡ് മാർഗവും ഒരേ സമയം ലഹരി മരുന്നുമായി സഞ്ചരിക്കും. പരിശോധനയിൽ ഒരു സംഘം പിടിക്കപ്പെട്ടാലും ഇടപാടുകാർക്ക് ലഹരിമരുന്ന് കിട്ടുന്നത് തടസ്സപ്പെടാതിരക്കാനായിരുന്നു സംഘം തിരിഞ്ഞുള്ള പ്രവർത്തനം.
കൊച്ചിയിലും സംസ്ഥാനത്തെ മറ്റിടങ്ങളിലും എത്തിക്കുന്ന ലഹരി മരുന്ന് മൊത്തമായും ചില്ലറയായും ഇവർ വിറ്റിരുന്നു. സംഘത്തിലെ മറ്റുള്ളവർക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഒപ്പം ലഹരിമരുന്ന് വാങ്ങാൻ ഇത്രയേറെ പണം ആരാണ് ഇവർക്കായി മുടക്കിയിരുന്നതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.