വിവാഹ സല്‍ക്കാരത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ക്ക് നേരെ നാടന്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ വരനും സുഹൃത്തുക്കളും അറസ്റ്റില്‍. വരന്‍ പോത്തന്‍കോട് കലൂര്‍ മഞ്ഞമല സ്വദേശി വിജിന്‍ (24), ഇയാളുടെ സുഹൃത്തുക്കളായ ആറ്റിങ്ങല്‍ ഇളമ്പ വിജിത്ത് (23), പോത്തന്‍കോട് പേരുതല ആകാശ് (22), ആറ്റിങ്ങല്‍ ഊരുപൊയ്ക വിനീത് (28) എന്നിവരെയാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.
പ്രതികളിൽ രണ്ട് പേർ ഒളിവിലാണ്. ക്രൈസ്റ്റ് നഗർ സ്വദേശിനിയെയാണ് വിജിന്‍ വിവാഹം ചെയ്തത്. ശേഷം വൈകീട്ട് വധുവിൻ്റെ വീട്ടിൽ വിരുന്നു സൽക്കാരത്തിനെത്തിയപ്പോൾ വിജിൻ്റെ സുഹൃത്തും വധുവിൻ്റെ ബന്ധുക്കളായ യുവാക്കളുമായി കയ്യാങ്കളിയുണ്ടായി. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചത്. പ്രകോപിതനായി ഇറങ്ങിപ്പോയ വിജിൻ പോത്തൻകോട് നിന്നും സുഹൃത്തുക്കളെ വിളിച്ചു വരുത്തി. വാൾ, വെട്ടുകത്തി, നാടൻബോംബ് എന്നീ ആയുധങ്ങളുമായാണ് വരൻ്റെ സുഹൃത്തുക്കൾ എത്തിയത്. വീടിന് സമീപമുള്ള പള്ളിക്ക് മുന്നിൽനിന്നവർക്ക് നേരെ പ്രതികൾ നാടൻ ബോംബെറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാർ എത്തിയതോടെ ഓട്ടോറിക്ഷയിൽ കയറി വഴയിലവഴി പേരൂർക്കട ഭാഗത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. പ്രതികളെ പിന്തുടർന്ന നാട്ടുകാർക്ക് നേരേയും നാടൻ ബോംബെറിഞ്ഞും വെട്ടുകത്തി ചൂണ്ടി ഭീഷണിപ്പെടുത്തി. നിരവധി കേസുകളിൽ പ്രതികളാണ് ആക്രമണം നടത്തിയ സംഘമെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ, വെഞ്ഞാറമൂട്, പോത്തൻകോട്, ചിറയിൻകീഴ് എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളാണ് അറസ്റ്റിലായത്.