തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ബിജെപി വിട്ട മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നു. ഷെട്ടാർ ഇന്ന് ആണ്ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നത്.
തന്റെ മണ്ഡലമായ ഹുബ്ബള്ളിയിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഷെട്ടാർ രാജിവെച്ചത്. എന്നാൽ കോൺഗ്രസ് ഷെട്ടാറിന് ഹുബ്ബള്ളിയിൽ സീറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തു. തുടർന്നാണ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നത്. കേന്ദ്രമന്ത്രി പദവിയും കുടുംബാംഗത്തിനുള്ള എംഎൽഎ സീറ്റുമടക്കമുള്ള ബിജെപി വാഗ്ദാനങ്ങൾ ഉപേക്ഷിച്ചാണ്ഷെട്ടാറിൻ്റെ കോൺഗ്രസ് പ്രവേശനം. ബിജെപിക്കുള്ള കോൺഗ്രസ് മറുപടി ഖനിയുടമകളുടെ പണക്കരുത്തിലുള്ള കുതിരക്കച്ചവടമാണെന്നും സൂചനയുണ്ട്.
മുൻ ബിജെപി മുഖ്യമന്ത്രിയുടെ കോൺഗ്രസ് പ്രവേശനം ഗംഭീരമാക്കാനായി ബംഗളൂരുവിൽ വലിയ രാഷ്ട്രീയ പരിപാടി സംഘടിപ്പിക്കാനാണ് കോൺഗ്രസ് നേതൃത്വം ലക്ഷ്യമിടുന്നത്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെ ആണ്ഷെട്ടാറിന് മൂവർണ്ണക്കൊടി കൈമാറി അംഗത്വം നൽകിയത് . ഇന്നലെ തന്നെ ബംഗളൂരുവിൽ എത്തിയ ഷെട്ടാർ രാവിലെ ബിജെപി അടിസ്ഥാനാംഗത്വം രാജിവച്ചിരുന്നു.
നേരത്തെ ലിംഗായത്ത് വിഭാഗത്തിൽ നിന്ന് തന്നെയുള്ള മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി അതാനി മണ്ഡലത്തിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി വിട്ടിരുന്നു. ലിംഗായത്ത് സമുദായത്തിന് വാഗ്ദാനങ്ങൾ വാരിക്കോരി നൽകാൻ ശ്രമിച്ച ബിജെപിയും നേതാക്കളെ എല്ലാം പറിച്ചെടുക്കാൻ നോക്കുന്ന കോൺഗ്രസ്സും ചേർന്ന് സാമുദായിക ധ്രുവീകരണത്തിലേക്ക് കർണാടകത്തെ നയിക്കുകയാണോ എന്നും രാഷ്ട്രീയ നിരീക്ഷകർ ഭയക്കുന്നുണ്ട്. കോലാറിൽ ഇതുവരെ പ്രഖ്യാപിക്കപ്പെടാത്ത സിദ്ധരാമയ്യയുടെ സ്ഥാനാർഥിത്വം കോൺഗ്രസിനകത്തും തർക്കങ്ങൾക്ക് വഴിതെളിക്കാൻ സാധ്യതകളെറെയാണ്.