കൊല്ലം: ആശ്രാമം ഉളിയക്കോവിലിലെ കെ.എം.എസ്.സി.എല്ലിന്റെ മരുന്ന് സംഭരണശാല അഗ്നിക്കിരയാക്കിയത്. അധികൃതരുടെ അനാസ്ഥ. കോടികൾ വിലയുള്ള മരുന്ന് സൂക്ഷിക്കുന്ന കെട്ടിടമായിട്ടും അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. ഫയർഫോഴ്സിന്റെ എൻ.ഒ.സിയില്ലാതെയാണ് വർഷങ്ങളായി മരുന്ന് സംഭരണശാല പ്രവർത്തിച്ചിരുന്നത്. 300 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് ഫയർഫോഴ്സിന്റെ എൻ.ഒ.സി വേണമെന്നാണ് ചട്ടം. കൂടുതൽ ജനങ്ങളെത്തുകയോ ജ്വലന സാദ്ധ്യതയുള്ളത് അടക്കമുള്ളവ സൂക്ഷിക്കുന്ന ഗോഡൗണുകൾക്ക് അഗ്നിസുരക്ഷാ സംവിധാനങ്ങളും ഫയർഫോഴ്സിന്റെ എൻ.ഒ.സിയും നിർബന്ധമാണ്. എന്നാൽ കത്തിയമർന്ന ഉളിയക്കോവിലിലെ മരുന്ന് സംഭരണ ശാലയിൽ ഒരു അഗ്നിസുരക്ഷാ സംവിധാനവും ഉണ്ടായിരുന്നില്ല.
സംഭരണശാലയുടെ പുറത്ത് സൂക്ഷിച്ചിരുന്ന ബ്ലീച്ചിംഗ് പൗഡർ മിന്നലിൽ കത്തിയതാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് ഇപ്പോഴത്തെ നിഗമനം. ഏകദേശം 15000 കിലോ ബ്ലീച്ചിംഗ് പൗഡർ ഇവിടെ സൂക്ഷിച്ചിരുന്നുവെന്നാണ് ഏകദേശം വിവരം. എൻ.ഒ.സി നൽകുന്നതിന് മുന്നോടിയായി ഫയർഫോഴ്സ് നടത്തുന്ന പരിശോധനയിൽ ഇത്തരം ജ്വലന സാദ്ധ്യതയുള്ള സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള പ്രത്യേക നിർദ്ദേശങ്ങൾ നൽകുമായിരുന്നു. സ്വയം അഗ്നികെടുത്തുന്ന സംവിധാനങ്ങൾ സ്ഥാപിക്കാനും നിർദ്ദേശം നൽകിയേനെ. അങ്ങനെ ഫയർഫോഴ്സിന്റെ എൻ.ഒ.സി വാങ്ങിയിരുന്നെങ്കിൽ ഇത്രയും വലിയ ദുരന്തവും സംഭവിക്കില്ലായിരുന്നു. ഗോഡൗണിൽ ഇന്നലെ ഫോറൻസിക്, പൊലീസ്, ഫയർഫോഴ്സ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ട് അല്ല, തീപിടിത്തത്തിന്റെ കാരണമെന്ന് സ്ഥിരീകരിച്ചു. തീപിടിത്തത്തെ സംബന്ധിച്ച റിപ്പോർട്ട് ഡി.എം.ഒ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കൈമാറി.
സംഭരണ ശാലയിലെ മുഴുവൻ മരുന്നുകളും കെ.എം.എസ്.സി.എൽ ഇൻഷ്വർ ചെയ്തിട്ടുള്ളതിനാൽ സാമ്പത്തിക നഷ്ടം വരില്ല. ഇൻഷ്വറൻസ് കമ്പനി ഏറെ വൈകാതെ തന്നെ കത്തി നശിച്ച സ്റ്റോക്ക് വിലയിരുത്തിയ ശേഷം തുക നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. തീപിടിത്തതിൽ 7.14 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വാക്സിൻ സൂക്ഷിക്കുന്നതിനുള്ള ഐ.എൽ.ആർ, എ.സി, സ്റ്റെബിലൈസർ എന്നിവ ചാരമായത് വഴി 75ലക്ഷം രൂപയുടെ നഷ്ടമുണ്ട്. കമ്പ്യൂട്ടർ, പ്രിന്റർ തുടങ്ങിയ ഉപകരണങ്ങൾ നശിച്ചതുൾപ്പെടെ ആകെ എട്ട് കോടിയുടെ നഷ്ടം കെ.എം.എസ്.സി.എല്ലിന് ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. വാടക കെട്ടിടത്തിലാണ് സംഭരണ ശാല പ്രവർത്തിച്ചിരുന്നത്. കെട്ടിടം, അനുബന്ധ സാമഗ്രികൾ എന്നിവ കത്തി നശിച്ചതിന്റെ നഷ്ടം കൂടി കണക്കാക്കി പത്ത് കോടിയുടെ നാശനഷ്ടം വിലയിരുത്തുന്നു.
ഒൻപതേകാൽ മണിക്കൂറെടുത്താണ് ഫയർഫോഴ്സ് തീ പൂർണമായും കെടുത്തിയത്. ബുധനാഴ്ച രാത്രി 8.30 ഓടെയായിരുന്നു തീപിടിത്തം. 8.44ന് ഫയർഫോഴ്സിന് വിവരം ലഭിച്ചു. 8.46ന് കടപ്പാക്കട ഫയർ സ്റ്റേഷനിൽ നിന്നുള്ള ആദ്യ യൂണിറ്റ് സ്ഥലത്തെത്തി. രാത്രി 12 ഓടെ തീപിടിത്തത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും രാസവസ്തുക്കൾ ഇടയ്ക്കിടെ ആളിക്കത്തി. വെള്ളം വീഴുമ്പോൾ കത്തുന്ന രാസവസ്തുക്കളും ഉണ്ടായിരുന്നു. ഇവയുടെ ജ്വലനം നിയന്ത്രിക്കാൻ ഫോം മിശ്രിതം കലർത്തിയ പതപ്പിച്ച ജലമാണ് തീകെടുത്താൻ ഉപയോഗിച്ചത്. ജില്ലാ ഫയർ ഓഫീസർ വി.സി.വിശ്വനാഥിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.