മുൻകാല ഹിന്ദി ടെലിവിഷൻ പരമ്പര നടി വീണ കപൂറിനെ (74) മകൻ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. 12 കോടി രൂപയുടെ സ്വത്തിന് വേണ്ടിയുള്ള തർക്കത്തിനിടെ മകൻ സചിൻ കപൂറാണ് (43) വീണയെ ബേസ്ബാൾ ബാറ്റ്കൊണ്ട് അടിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. മൃതദേഹം പിന്നീട് വീട്ട് ജീവനക്കാരൻ ലാലുകുമാർ മണ്ഡലിന്റെ (25) സഹായത്തോടെ മാത്തരാനിൽ ഉപേക്ഷിക്കുകയായിരുന്നു.
സചിൻ, ലാലുകുമാർ എന്നിവരെ ചൊവ്വാഴ്ച രാത്രി തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. ഫോണിൽ കിട്ടാതായതോടെ അമ്മയെ കാണുന്നില്ലെന്ന വിദേശത്ത് കഴിയുന്ന മറ്റൊരു മകന്റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ഫ്ലാറ്റിൽ വീണയുടെ ഫോണും, സചിന്റെ സി.സി.ടി.വി ദൃശ്യങ്ങളും കണ്ടെത്തിയ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. സചിൻ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സചിനെ അറസ്റ്റ് ചെയ്യുകയും മൃതദേഹം കണ്ടെത്തുകയും ചെയ്തെങ്കിലും കൊല്ലപ്പെട്ടത് നടി വീണ കപൂറാണെന്ന് വ്യക്തമായത് പിന്നീടാണ്.