തിരുവിതാംകൂർ രാജകുടുംബത്തിന്റെ കുലദൈവമായ ശ്രീപത്മനാഭന്റെ തിരുമുൻപിൽ ആറ് വർഷത്തിലൊരിക്കൽ നടക്കുന്ന ചടങ്ങുകളാണ് മുറജപവും തുടർന്നുള്ള ലക്ഷദീപവും. രാജഭരണകാലത്ത് തിരുവിതാംകൂറിന്റെ ഔദ്യോഗിക ചടങ്ങായിരുന്ന മുറജപം ശതാബ്ദങ്ങളും ദശാബ്ദങ്ങളും പിന്നിട്ട് ഇപ്പോഴും തുടർന്ന്പോരുന്നു.
മുറജപത്തിന്റെയും ലക്ഷദീപത്തിന്റെയും ചരിത്രം
പാപത്തിന്റെ പ്രായശ്ചിത്തമായും, രാജ്യത്തിൻറെ ഐശ്വര്യത്തിനായും ചില വൈദിക കർമ്മങ്ങൾ അനുഷ്‌ഠിക്കാൻ മഹാരാജാവ് തിരുമനസ്സ് തീരുമാനിച്ച പ്രകാരം മധുര,തിരുനെൽവേലി,മലബാർ പ്രദേശങ്ങളിലെ വൈദിക ബ്രാഹ്മണരെ വിളിച്ചുവരുത്തുകയും നാലുവേദങ്ങളും ശാസ്ത്രങ്ങളും തിരഞ്ഞ് പ്രായശ്ചിത്തവിധികൾ ഏതെന്ന് കണ്ടുപിടിക്കാൻ ആജ്ഞാപിക്കുകയും ചെയ്തു വേദവിധിപ്രകാരം ചെയ്യേണ്ട മുഖ്യപ്രതിവിധികൾ മുറജപവും,ഭദ്രദീപവുമാണെന്ന് ബ്രാഹ്മണർ ഐക്യകണ്ഠേന വിധിച്ചു. ഇതേതുടർന്ന് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ ആറുമാസം കൂടുമ്പോൾ ജപയജ്ഞങ്ങളും തുടർന്ന് ദാനങ്ങൾക്കും ശേഷം ഭദ്രദീപം കത്തിക്കുന്നു.ഈ ചടങ്ങ് സൂര്യൻ ധനുവിൽ നിന്നും മകരത്തിലേക്കും, മിഥുനത്തിൽ നിന്ന് കർക്കിടകത്തിലേക്കും സംക്രമിക്കുന്ന ദിനങ്ങളിലാണ് ആഘോഷിക്കുന്നത്. ഈ രണ്ട് ശ്രീബലി(ശീവേലി)കളെയാണ്. “മകരശീവേലിയെന്നും” “കർക്കിടകശീവേലിയെന്നും” പറയുന്നത്. ഇങ്ങനെ പന്ത്രണ്ടാം ഭദ്രദീപംകൊളുത്തൽ ദിവസം (6 വര്ഷം കൂടുമ്പോൾ) മകരസംക്രാന്തി ദിനത്തിൽ ലക്ഷദീപമായി കൊണ്ടാടുന്നു. ഇങ്ങനെ 6 വർഷത്തിൽ ഒരിക്കൽ മുറജപവും ലക്ഷദീപവും തിരുവിതാംകൂറിൽ ആചരിച്ചുപോരുന്നു.
മുറജപം എന്ന അനുഷ്ഠാനം തൃപ്പാപ്പൂർ മൂപ്പനായിരുന്ന ആദിത്യവർമ്മ AD 1520 ൽ വേണാട് ഭരിച്ചിരുന്ന കാലത്താണ് തുടങ്ങിയത് എന്ന് കരുതിപ്പോരുന്നു. എന്നാൽ രേഖകൾ പ്രകാരം(മതിലകം രേഖകൾ) ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവായ “അനിഴം തിരുനാൾ മാർത്താണ്ടവർമ” മഹാരാജാവ് AD 1744 ൽ ചെറുതും വലുതുമായി നാട്ടുരാജ്യങ്ങളെ കീഴ്പെടുത്തിയ ശേഷം യുദ്ധത്തിന്റെ കഷ്ടനഷ്ടങ്ങളുടെ വിമോചനത്തിനായും രാജ്യത്തിൻറെ ഐശ്വര്യത്തിനായും ഭദ്രദീപം നടത്തുകയും 12 അർധവാര്ഷികം കഴിയുമ്പോൾ മുറജപവും ലക്ഷദീപവുമായി ആചരിക്കുകയും ചെയ്തിരുന്നു(AD 1750 ൽ).
മുറജപത്തിന്റെ ആചാരരീതികൾ
ഋക്ക്, യജുസ്, സാമം എന്നീ വേദങ്ങളിലെ മന്ത്രങ്ങൾ മുറയായി ചൊല്ലുന്നതാണ് മുറജപം. മുറ എന്നാൽ വേദമെന്നും മുറജപമെന്നാൽ വേദജപമെന്നും വിവക്ഷിക്കപ്പെടുന്നു. മൂന്ന് വേദങ്ങളിലേയും മന്ത്രങ്ങൾ 8 ദിവസങ്ങൾ കൊണ്ട് ചൊല്ലിത്തീർക്കുന്നതാണ് ഒരു മുറ. അങ്ങനെ 7 മുറകളായി 56 ദിവസം കൊണ്ട് ചൊല്ലിത്തീർക്കും. അവസാനത്തെ മുറ ചൊല്ലിത്തീർക്കുന്ന ദിവസം നടക്കുന്ന വിശേഷാൽ ചടങ്ങാണ് ലക്ഷദീപം.
ഓരോ മുറയും അവസാനിക്കുന്ന ദിവസം മുറശീവേലി ഉണ്ടാകും. ശ്രീപദ്മനാഭസ്വാമി, നരസിംഹമൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണൻ എന്നീ ദേവന്മാരെ വാഹനങ്ങളിൽ എഴുന്നള്ളിച്ചു രാജകീയ പ്രൗഡിയോടെ നടത്തുന്ന ചടങ്ങാണിത്. ഒന്നാംമുറശീവേലിക്ക് അനന്തവാഹനത്തിലും, രണ്ടാംമുറക്ക് കമലവാഹനത്തിലും, മൂന്നാംമുറക്ക് ഇന്ദ്രവാഹനത്തിലും, നാലാംമുറക്ക് പള്ളിനിലാവ് വാഹനത്തിലും, അഞ്ചാംമുറക്ക് ഇന്ദ്രവാഹനത്തിലും, ആറാംമുറക്ക് പള്ളിനിലാവ് വാഹനത്തിലും, അവസാനത്തേതും ഏഴാമത്തേതുമായ മുറശീവേലിക്ക് ദേവന്മാരെ എഴുന്നള്ളിക്കുന്നത് ഗരുഡവാഹനത്തിലും ആയിരിക്കും. ഈ ദിവസം ക്ഷേത്രം മുഴുവനും മൺചിരാതുകളാലും അലങ്കാരദീപങ്ങളാലും മനോഹരമാക്കുകയും ശീവേലിപ്പുരയിലെ മുഴുവൻ തൂണുകളിലും കുലവാഴ ചിറപ്പും ഉണ്ടാകും.
രാജകീയ പ്രൗഢി വിളിച്ചോതുന്ന മുറശീവേലിക്ക് ശ്രീപദ്മനാഭദാസൻ കൂടിയായ തിരുവിതാംകൂർ മഹാരാജാവ് ഉടവാളേന്തി ഒപ്പമുണ്ടാകും കൂടാതെ കൊട്ടാരത്തിലെ ഉദ്യോഗസ്ഥർ, കൊട്ടാരത്തിലെ ആൺപ്രജകൾ, എന്നിവരും വാദ്യഘോഷങ്ങളും ദേവന്മാരെ വഹിച്ചുള്ള വാഹനത്തിന് മുന്നിൽ ഉണ്ടാകും. വാഹനത്തിനു പിന്നിലായി നമ്പിമാർ, കീഴ്ശാന്തിമാർ, ഭക്തജനങ്ങൾ തുടങ്ങിയവർ അകമ്പടി സേവിക്കും. ശീവേലിയുടെ ആരംഭം അറിയിക്കുന്നത്തിനായി പെരുമ്പറ മുഴക്കുന്ന സംഘത്തേയും വഹിച്ചുകൊണ്ട് ഗജവീരന്മാർ മുൻപിലായി ഉണ്ടാകും.
മുറജപം കേവലം വേദോച്ചാരണം മാത്രമല്ല,മന്ത്രജപവും, സഹസ്രനാമജപവും, ജലജപവും, തുടങ്ങി പല ജപങ്ങളും അടങ്ങിയതാണ്. മുറജപവും, ഭദ്രദീപവും, മന്ത്രജപവും ശ്രീപദ്മനാഭ സ്വാമിയുടെ ചൈതന്യം വര്ധിപ്പിക്കുവാനായി സഹസ്രനാമജപവും, ജലജപവും, രാജകുടുംബത്തിന്റെ ശ്രെയസ്സിനും രാജ്യത്തിൻറെ ഐശ്വര്യത്തിനും വേണ്ടി ആയിരുന്നു.
ക്ഷേത്രത്തിൽ രാവിലെ 6.30 മുതൽ 8.30 വരെ കുലശേഖരമണ്ഡപത്തിൽ വിഷ്ണുസഹസ്രനാമജപവും വൈകുന്നേരം 6.30 മുതൽ 7 മണിവരെ ജലജപവും നടക്കുന്നു. ജലജപത്തിൽ വേദപണ്ഡിതന്മാർ പത്മതീര്ഥത്തിന്റെ കിഴക്കും, തെക്കും പടവുകളിൽ ഇറങ്ങിനിന്ന് ഋഗ്വേദത്തിലേയും യജുർവേദത്തിലേയും ശ്ലോകങ്ങൾ ചൊല്ലുന്നു.മുറജപവുമായി ബന്ധപ്പെട്ട് 56 ദിവസങ്ങളിലും ക്ഷേത്രപരിസരത്ത് വിവിധ ക്ഷേത്രകലകൾ അരങ്ങേറുന്നു.
രാജഭരണകാലത്ത് മുറജപത്തിനും ലക്ഷദീപത്തിനും ശേഷം അടുത്ത ദിവസം മഹാരാജാവ് പത്മതീർത്ഥകുളത്തിൽ മുങ്ങിക്കുളിച്ച് മുറജപത്തിൽ പങ്കെടുത്തവർക്ക് പണവും പാരിതോഷികങ്ങളും കൊടുക്കുന്ന ചടങ്ങുകളോടെയാണ് മുറജപചടങ്ങുകൾ അവസാനിച്ചിരുന്നത്. കാലപ്രവാഹത്തിൽ ആചാരങ്ങളിലും ആഘോഷങ്ങളിലും മാറ്റം സംഭവിച്ചു എങ്കിലും പൂർവ്വാചാരങ്ങൾ കാലത്തിനൊത്ത് നിലനിർത്തിയാണ് ഒരു മുറജപവും ലക്ഷദീപവും കൂടി കടന്നുപോയത്.