മീന്‍ കഴുകിയ വെള്ളം മുറ്റത്തേക്ക് ഒഴിച്ചെന്നു പറഞ്ഞ് മരുമകളെ ക്രൂരമായി മര്‍ദിച്ച ഭര്‍തൃപിതാവ് അറസ്റ്റില്‍. തിരുവനന്തപുരം പാറശാലയിലാണ് സംഭവം നടന്നത്. പാറശാല ആടുമാന്‍കാട് സ്വദേശി പുത്തന്‍വീട്ടില്‍ രാമചന്ദ്രന്‍ (75) ആണ് പിടിയിലായത്. മകന്‍ സ്റ്റീഫന്റെ ഭാര്യ എ.എല്‍ പ്രേമലതയെയാണ് ഇയാള്‍ ക്രൂരമായി മര്‍ദിച്ചത്.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. മീന്‍വെള്ളം മുറ്റത്തൊഴിച്ചെന്നു പറഞ്ഞ് പ്രേമലതയെ രാമചന്ദ്രന്‍ ശകാരിച്ചു. തുടര്‍ന്ന് വലിച്ചിഴച്ച് മര്‍ദിക്കുകയായിരുന്നു. കൈയില്‍ കിട്ടിയ തടിക്കഷ്ണം ഉപയോഗിച്ച് അടിക്കുകയും ഇടിക്കുകയും ചെയ്തു. കുട്ടികളുടെ മുന്നിലിട്ടായിരുന്നു മര്‍ദനം. മര്‍ദനത്തിന്റെ ദൃശ്യം പ്രേമലതയുടെ മകന്‍ ഫോണില്‍ പകര്‍ത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ആക്രമണത്തില്‍ പരുക്കേറ്റ പ്രേമതല ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
രാമചന്ദ്രനും ഭാര്യയും മകന്റെ കുടുംബത്തോടൊപ്പമായിരുന്നു താമസം. മുന്‍പും പ്രേമലതയെ രാമചന്ദ്രന്‍ മര്‍ദിച്ചിട്ടുണ്ട്. അന്ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിയുടെ പ്രായം കണക്കിലെടുത്ത് പൊലീസ് വിഷയം ഒത്തുതീര്‍പ്പാക്കിയിരുന്നു.