ബിഹാറിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 81 ആയി. 15 പേർ കൂടി മരിച്ചതോടെ സരൺ ജില്ലയിൽ മാത്രം 74 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ഓൾ ഇന്ത്യ റേഡിയോ റിപ്പോർട്ട് ചെയ്തു. സിവാൻ ജില്ലയിൽ അഞ്ചു പേരും ബെഗുസാരായി ജില്ലയിൽ രണ്ടു പേരും മരിച്ചു. വിഷമദ്യം കാരണമുള്ള മരണങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് റിപ്പോർട്ട്. 25 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. 30 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ 12 പേരുടെ നില ഗുരുതരമാണ്. ആറു വർഷം മുമ്പ് സംസ്ഥാനത്ത് മദ്യനിരോധനം ഏർപ്പെടുത്തിയ ശേഷമുണ്ടാകുന്ന ഏറ്റവും വലിയ വിഷമദ്യ ദുരന്തമാണിത്. വിഷമദ്യ ദുരന്തം സംബന്ധിച്ച മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ ബിഹാർ സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ സ്ഥിതി, ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരകളുടെ ചികിത്സ, ദുരിത ബാധിതരായ കുടുംബങ്ങൾക്ക് നൽകിയ നഷ്ടപരിഹാരം എന്നിവയുടെ വിശദാംശങ്ങളാണ് കമീഷൻ തേടിയത്. വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് ഇതുവരെ 213 പേരെ അറസ്റ്റ് ചെയ്തതായി സരൺ ജില്ലാ മജിസ്ട്രേറ്റ് രാജേഷ് മീണ അറിയിച്ചു.
ദൃശ്യ വിസ്മയം, പ്രേക്ഷകരിൽ ആവേശം നിറച്ച് അവതാർ 2 || Avatar 2: The Way of Water REVIEW
https://www.facebook.com/varthatrivandrumonline/videos/1531476560657373