എരുമേലി: എരുമേലി മഹല്ല് മുസ്ലിം ജമാഅത്തിന്‍റെ ആഭിമുഖ്യത്തിൽ ചരിത്രപ്രസിദ്ധമായ എരുമേലി ചന്ദനക്കുടം മഹോത്സവം വ്യാഴാഴ്ച(ഇന്ന് )വിപുലമായ പരിപാടികളോടെ നടത്തും.ഇന്ന് വൈകീട്ട് 6.15ന് നടക്കുന്ന ചന്ദനക്കുടം ഘോഷയാത്ര മന്ത്രി വി.എൻ. വാസവൻ ഫ്ലാഗ്ഓഫ് ചെയ്യും.
പൊതുസമ്മേളനം മന്ത്രി കെ. രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്‍റ് പി.എ. ഇർഷാദ് അധ്യക്ഷത വഹിക്കും.
പള്ളിയങ്കണത്തിൽനിന്ന് ആരംഭിക്കുന്ന ചന്ദനക്കുട ഘോഷയാത്ര എരുമേലിയുടെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് സ്വീകരണങ്ങൾ ഏറ്റുവാങ്ങും. വെള്ളിയാഴ്ച പുലർച്ച പള്ളിയങ്കണത്തിലെത്തി കൊടി താഴ്ത്തുന്നതോടെ അവസാനിക്കും. ഗജവീരന്മാർ, ചെണ്ടമേളം, ശിങ്കാരിമേളം, നിലക്കാവടി, കൊട്ടക്കാവടി, തമ്പോലം, പോപ്പർ ഇവന്‍റ്സ്, ദഫ്‌മുട്ട്, കോൽക്കളി, മാപ്പിള ഗാനമേള എന്നിവയും ഘോഷയാത്രക്ക് മാറ്റുകൂട്ടും. വെള്ളിയാഴ്ച നടക്കുന്ന പേട്ടതുള്ളലിന് മുന്നോടിയായാണ് ചന്ദനക്കുടം അരങ്ങേറുന്നത്.
ചന്ദനക്കുട ഘോഷയാത്രക്ക് മുന്നോടിയായി വൈകീട്ട് നാലിന് അമ്പലപ്പുഴ പേട്ടസംഘവും ജമാഅത്ത് പ്രതിനിധികളും മത-സാമുദായിക നേതാക്കളുമായുള്ള സൗഹൃദ സമ്മേളനം കേരള വഖ്ഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച പകലാണ് അമ്പലപ്പുഴ, ആലങ്ങാട് സംഘത്തിന്‍റെ ചരിത്രപ്രസിദ്ധമായ പേട്ടതുള്ളൽ.