കൊച്ചി: ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ‘ സേവ് എ ലൈഫ്, സേവ് എ ലൈഫ്‌ടൈം’ കാമ്പയിനിന്റെ ഭാഗമായി ജിയോജിത് ഫൗണ്ടേഷന്‍ എറണാകുളം ടൗണ്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഓട്ടോമേറ്റഡ് എക്‌സ്‌റ്റേണല്‍ ഡിഫിബ്രിലേറ്റര്‍ (എഇഡി) സ്ഥാപിച്ചു. ഹൃദയാഘാതം അനുഭവിക്കുന്നവര്‍ക്ക് അടിയന്തരമായി ഹൃദയതാളം പുനസ്ഥാപിക്കാന്‍ സഹായിക്കുന്ന പൂര്‍ണമായും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ഉപകരണമാണ് എഇഡി. ടൗണ്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഒന്നാം പ്ലാറ്റ്‌ഫോമിലെ പുരുഷന്‍മാര്‍ക്കുള്ള സെക്കന്‍ഡ് ക്ലാസ് വെയിറ്റിങ് റൂമിന് പുറത്താണ് എഇഡി സ്ഥാപിച്ചിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ജിയോജിത് ഏരിയ മാനേജര്‍ ദീപക്, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം എന്നിവര്‍ ചേര്‍ന്ന് സ്റ്റേഷന്‍ മാനേജര്‍ കെ.ബി. ബാലകൃഷ്ണ പണിക്കര്‍ക്ക് എഇഡി കൈമാറി. ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി ഡോ. ജോ ജോസഫ്, ഡെപ്യൂട്ടി സ്റ്റേഷന്‍ മാനേജര്‍ എം.എ. ജോസഫ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അരുണ്‍ പി.എ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.