തിരുവനന്തപുരം: ഡോ. വന്ദനാദാസ് കൊലക്കേസിലെ പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ സംഘം. ഇന്നലെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചാണ് പരിശോധന നടത്തിയത്. ഇതോടെ പ്രതി മാരകമായ സിന്തറ്റിക് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായുള്ള സംശയം ബലപ്പെട്ടു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ആർ.എം.ഒ ഡോ.മോഹൻ റോയ്, സൈക്യാട്രി വിഭാഗം പ്രൊഫസർമാരായ ഡോ.കൃഷ്ണൻ, ഡോ.ഇന്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തെക്കുറിച്ച് ഓർമ്മയില്ലെന്ന മട്ടിലാണ് സന്ദീപ് ഡോക്ടർമാരോട് പ്രതികരിച്ചത്. സംഭവസമയത്തെ മാനസിക വിഭ്രാന്തിയുടെ യാതൊരു ലക്ഷണവും പിന്നീട് പ്രതി കാണിച്ചില്ലെന്ന് പൊലീസ് വിദഗ്ദ്ധ സംഘത്തെ അറിയിച്ചിരുന്നു. ഇന്നലെ രാവിലെയോടെയാണ് സന്ദീപിനെ കൊല്ലത്ത് നിന്ന് പൊലീസ് തിരുവനന്തപുരത്തെത്തിച്ചത്. മെഡിക്കൽ കോളേജിൽ പരിശോധിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, അവിടെ ഡോക്ടർമാരുടെ ഉൾപ്പെടെ പ്രതിഷേധത്തിന് ഇടയാക്കുമെന്നതും സുരക്ഷാപ്രശ്നങ്ങളും കണക്കിലെടുത്താണ് പേരൂർക്കടയിൽ എത്തിച്ചത്.