ദേവികുളം എംഎൽഎ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ അനുവദിച്ചു. ഹൈക്കോടതി തന്നെയാണ് 10 ദിവസം വരെ ഇടക്കാല സ്റ്റേ അനുവദിച്ചത്. ജസ്റ്റീസ് പി സോമരാജൻ്റെ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്. സുപ്രീംകോടതിയെ സമീപിക്കുന്നതിനും കൂടിയാണ് സ്റ്റേ. ഈ കാലയളവിൽ എം.എൽ.എ എന്ന നിലയിൽ യാതൊരുവിധ പ്രതിഫലവും വാങ്ങാൻ പാടില്ല എന്ന വ്യവസ്ഥയും കോടതി മുൻപോട്ട് വെച്ചു. സംവരണ സീറ്റായ ദേവികുളത്ത് സംവരണ വിഭാഗക്കാരനല്ലാത്തയാളാണ് മത്സരിച്ചതും വിജയിച്ചതും എന്നായിരുന്നു ഹർജിക്കാരന്റെ വാദത്തിലാണ് എ രാജയുടെ വിജയം ഹൈക്കോടതി റദ്ധാക്കിയത്. എ രാജ എസ് സി വിഭാഗത്തിൽപ്പെട്ട ആളല്ലെന്നും പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽ പെട്ട ആളാണെന്നും ഹർജിക്കാരൻ വാദിച്ചിരുന്നു. രേഖകൾ പരിശോധിച്ച കോടതി ഹർജിക്കാരന്റെ വാദങ്ങൾ ശരിയെന്ന് ബോധ്യപ്പെട്ട ശേഷം അയോഗ്യത വിധിക്കുകയായിരുന്നു.