പാലോട് : പാലോട് പോലിസ് സ്റ്റേഷൻ പരിധിയിൽ സൈബർ സെൽ പോലീസുദ്യോഗസ്ഥൻ എന്ന വ്യാജേന സ്ത്രീകൾ താമസിക്കുന്ന വീട്ടിലെത്തി കബളിപ്പിക്കുകയും സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിലെ പ്രതിയെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു. കുറുപുഴ വില്ലേജിൽ നന്ദിയോട് പൗവത്തുർ സ്മിതാ ഭവനിൽ കൃഷ്ണൻ കുട്ടി മകൻ ദീപു കൃഷ്ണൻ(26) ആണ് അറസ്റ്റിലായത്.
സൈബർ സെൽ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി സ്ത്രീകൾ താമസിക്കുന്ന വീട്ടിലെത്തുന്ന ഇയാൾ, അവരുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുള്ളത് പൊലീസിന് ലഭിച്ചുവെന്നാണ് പറയുന്നത്. ഇത് ഉറപ്പു വരുത്തുന്നതിനായി ശരീരത്തിന്‍റെ അളവ് എടുക്കണമെന്ന് പറഞ്ഞുകൊണ്ടാണ് അതിക്രമം.
ഇതിനായി സ്ത്രീകളുടെ കയ്യിൽ നിന്ന് സമ്മതപത്രം എഴുതിവാങ്ങും. അളവുകൾ എടുക്കുന്നതിനിടെ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്യുന്നതായിരുന്നു രീതി. മാന്യമായ വേഷം ധരിച്ച് ഒറ്റനോട്ടത്തിൽ ആര്‍ക്കും സംശയത്തിനിട നൽകാത്ത രീതിയിലാണ് പെരുമാറ്റം. പാലോട് സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തട്ടിപ്പ് സംബന്ധിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ്, വലിയ ശ്രമങ്ങൾക്കൊടുവിലാണ് ദീപുവിനെ കണ്ടെത്തുന്നത്.
പാലോട് സ്വദേശിനി സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വന്നെങ്കിലും പ്രതിയെക്കുറിച്ച് വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കിയും 25000 ൽപ്പരം ഫോൺ കോൾ രേഖകൾ പരിശോധിച്ചും, 8 കിലോമീറ്റർ ചുറ്റളവിലുള്ള CCTV കാമറ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതി സഞ്ചരിച്ച വാഹനം കണ്ടെത്തുകയും ചെയ്തു.
പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ തിരുവനന്തപുരം റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ തമ്പാന്നൂരിലുള്ള ഒരു ലോഡ്ജിൽ നിന്നും 17 ന് പിടികൂടുകയായിരുന്നു. ഒളിവിൽ താമസിക്കുന്നതിനിടെ തിരുവനന്തപുരം കരമന പോലിസ് സ്റ്റേഷൻ പരിധിയിൽ ഒരിടത്തും മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിലും സമാന രീതിയിലുളള കുറ്റകൃത്യങ്ങൾ നടത്തിയതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി മനസ്സിലായിട്ടുണ്ട്. പാലോട് സ്റ്റേഷൻ പരിധിയിൽ മറ്റൊരു സ്ഥലത്തും ഇത്തരം കുറ്റകൃത്യം നടത്താൻ ഇയാൾ ശ്രമം നടത്തിയിരുന്നു. പത്ത് വർഷക്കാലമായി വിദേശത്തായിരുന്ന പ്രതി അവിടെ കുറച്ച് കാലം ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം 2020 ജൂലൈ അവസാനമാണ് തിരിച്ച് നാട്ടിലെത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.
തിരുവനന്തപുരം റൂറൽ SP ശ്രീ B. അശോകൻ IPS ന്റെ നിർദ്ദേശാനുസരണം നെടുമങ്ങാട് DYSP ശ്രീ. ഉമേഷിന്റെ മേൽനോട്ടത്തിൽ പാലോട് സ്റ്റേഷൻ ഇൻസ്പെക്ടർ CK മനോജിന്റെ നേതൃത്വത്തിൽ GSI ഭുവനചന്ദ്രൻ നായർ, GSI അൻസാരി, GASI അനിൽകുമാർ, SCPO മാധവൻ, നസീറ, CPO മാരായ നിസ്സാം, ഷിബു, സുജുകുമാർ, വിനീത്, എന്നിവർ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് ഈ കേസിന്റെ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
https://www.facebook.com/varthatrivandrumonline/videos/2668729226787714/