മന്ത്രവാദ പൂജ നടത്താനെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍.
സൗത്ത് മാറാടി പാറയില്‍ അമീര്‍ (38) ആണ് അറസ്റ്റിലായത്. ദോഷം മാറ്റാനുള്ള പൂജയ്ക്കാണെന്നു പറഞ്ഞ് കുട്ടിയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പെണ്‍കുട്ടി കരഞ്ഞ് കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയിലായിരുന്നു നടപടി. നാല് വര്‍ഷമായി കടമറ്റം നമ്പ്യാരുപടിയില്‍ ജോതിഷ കേന്ദ്രം നടത്തുകയായിരുന്നു അമീര്‍.
മുന്‍പ് തട്ടുകടയില്‍ രാത്രി കച്ചവടം നടത്തുകയായിരുന്നു അമീറിന്റെ ജോലി. പിന്നീട് സ്വന്തമായി തട്ടുകട നടത്താന്‍ തുടങ്ങി. പിന്നീട് നഷ്ടം സംഭവിച്ചെന്ന് പറഞ്ഞ് തട്ടുകട നിര്‍ത്തിയ ശേഷമാണ് ഇയാള്‍ ജ്യോതിഷ കേന്ദ്രം ആരംഭിച്ചത്.
ഈ കേന്ദ്രത്തിലൂടെ നിരവധി പേരെ ഇാള്‍ കബളിപ്പിച്ചെന്നാണ് സൂചന. അമീറിനെതിരെ പൊലീസ് സമഗ്ര അന്വേഷണത്തിന് ഒരുങ്ങുകയാണ്.