വിജയ് ഹസാരെ ട്രോഫി ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിൽ കേരളത്തിന് അഞ്ചാമതും ജയിച്ചു. തങ്ങളുടെ ആറാം മത്സരത്തിൽ പുതുച്ചേരിയെ ആറു വിക്കറ്റിനാണ് കേരളം കീഴടക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 32.2 ഓവറിൽ 116 റൺസിന് ഓൾഔട്ടായി. 19.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ കേരളം ലക്ഷ്യം നേടി.
മലയാളിയായ ക്യാപ്റ്റൻ ഫാബിദ് അഹമ്മദ് 44 റൺസോടെ പുതുച്ചേരിയുടെ ടോപ് സ്കോററായി. കേരളത്തിനു വേണ്ടി അഖിൽ സ്കറിയയും സിജോമോൻ ജോസഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അഖിൽ എട്ടോവറിൽ 15 റൺസ് മാത്രം വഴങ്ങിയപ്പോൾ, സിജോമോൻ 3.2 ഓവർ മാത്രമെറിഞ്ഞ് 2 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് പിഴുതത്. ബേസിൽ തമ്പി രണ്ട് വിക്കറ്റെടുത്തപ്പോൾ അഖിൻ സത്താറിന് ഒരു വിക്കറ്റ്
മറുപടി ബാറ്റിങ്ങിൽ കേരളം ഒരിക്കൽക്കൂടി മുഹമ്മദ് അസറുദ്ദീനെ ഓപ്പണറാക്കിയെങ്കിൽ എട്ട് റൺസെടുത്തു പുറത്തായി. സഹ ഓപ്പണർ രോഹൻ കുന്നമ്മൽ 23 റൺസിനും മടങ്ങി.
മൂന്നാം നമ്പറിൽ മുൻ ക്യാപ്റ്റൻ സച്ചിൻ ബേബി 25 റൺസെടുത്ത് പുറത്താകാതെ നിന്നു. ഹാർഡ് ഹിറ്റർമാരായ വിഷ്ണു വിനോദിന്‍റെയും (22) അബ്ദുൾ ബാസിതിന്‍റെയും (5) വിക്കറ്റുകൾ കൂടി കേരളത്തിനു നഷ്ടമായെങ്കിലും, 13 പന്തിൽ 35 റൺസെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റൻ സഞ്ജു സാംസൺ കൂടുതൽ നഷ്ടം കൂടാതെ ജയമുറപ്പിച്ചു. നാല് ഫോറും മൂന്നു സിക്സും ഉൾപ്പെട്ടതായിരുന്നു സഞ്ജുവിന്‍റെ ഇന്നിങ്സ്.