പാറശാലയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ച് പറ്റിച്ചെന്ന പരാതിയില്‍ യുവാവ് പിടിയിലായി.
പാറശ്ശാല ചെറുവാരക്കോണം കിണറ്റുമുക്ക് കല്ലുവിള വീട്ടില്‍ ശ്രുതീഷ് (28) ആണ് അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് വ്യക്തമാക്കുന്നത്: ‘ജിംനേഷ്യത്തില്‍ വച്ച് പരിചയപ്പെട്ട നിയമ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി ശ്രുതീഷ് പല സ്ഥലങ്ങളിലും എത്തിച്ച് പലതവണയായി പീഡിപ്പിച്ചു. ഇത് കഴിഞ്ഞ് ശേഷം മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയം നടത്തി. ഇത് അറിഞ്ഞ നിയമ വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി കൊടുത്തു. ഇതോടെ കേസില്‍ നിന്നു ഒഴിവാകുന്നതിനായി നിശ്ചയിച്ച വിവാഹം ഒഴിവാക്കി, വിദ്യാര്‍ത്ഥിനിയെ സമീപത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹം ചെയ്തു. രണ്ടാഴ്ചയോളം ഒപ്പം താമസിച്ച ശേഷം ജോലിക്കെന്ന പേരില്‍ ശ്രുതീഷ് തമിഴ്‌നാട്ടിലേക്ക് മുങ്ങുകയായിരുന്നു.’ ഇയാള്‍ തിരിച്ചെത്താതെ വന്നതോടെ കബളിപ്പിക്കപ്പെട്ടുയെന്ന് മനസിലായതോടെയാണ് പെണ്‍കുട്ടി പാറശാല പൊലീസില്‍ പരാതി നല്‍കിയത്.
ഇതോടെ ഒളിവില്‍ പോയ ശ്രുതീഷിനെ തമിഴ്‌നാട്ടില്‍ നിന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്യത്തിലുളള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.