ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു, യാത്രക്കാർ കാർ നിർത്തി ഇറങ്ങിയോടി

0
49

കൊച്ചി: ചക്കരപ്പറമ്പിനു സമീപം ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. ബോണറ്റിനുള്ളിൽനിന്നു പുക ഉയർന്നയുടൻ സർവീസ് റോഡിലേക്കിറക്കി വാഹനം നിർത്തി ഉള്ളിലുണ്ടായിരുന്ന കുടുംബം ഇറങ്ങിയോടിയതിനാൽ ആളപായമില്ല.

മധുര സ്വദേശി ശിവപാലനും ഭാര്യയും രണ്ടു മക്കളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഓട്ടത്തിനിടെ രൂക്ഷമായ പെട്രോൾ ഗന്ധം അനുഭവപ്പെട്ടിരുന്നതായി ഇവർ പറയുന്നു. പുക കണ്ടു വാഹനം ഒതുക്കി നിർത്തി ഏതാനും നിമിഷങ്ങൾക്കുള്ളിൽ പൂർണമായും കത്തിയമർന്നു. വിവരമറിഞ്ഞ് ഫയർഫോഴ്സ് എത്തിയപ്പോഴേക്കും വാഹനം കത്തിത്തീരാറായിരുന്നു. തൃക്കാക്കരയിൽനിന്നും ഗാന്ധി നഗറിൽനിന്നുമുള്ള രണ്ടു വീതം അഗ്നിരക്ഷാ യൂണിറ്റുകൾ എത്തിയാണു തീ അണച്ചത്.