ശരീര സൗന്ദര്യം വർധിപ്പിക്കാനെത്തിയ ബോഡി ബിൽഡർക്ക് ട്രെയിനർ നൽകിയത് പന്തയക്കുതിരകൾക്ക് ഉന്മേഷം നൽകാനുള്ള മരുന്നെന്ന് പരാതി. ചങ്ങരംകുളം സ്വദേശി സന്തോഷാണ് പരാതിക്കാരൻ. 10 വർഷത്തിലേറെയായി സന്തോഷ് ജിമ്മിൽ പോകാറുണ്ട്. ഗൾഫിൽ ട്രെയിനറുടെ ജോലിക്കുവേണ്ടി ശരീരസൗന്ദര്യം വർധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇതിനായി തിരൂരിലെ ഒരു ട്രെയിനറെ കണ്ടെത്തി. ശരീരസൗന്ദര്യം വർധിപ്പിക്കാനെന്ന പേരിൽ ഇയാളാണ് പലതരം മരുന്നുകൾ നൽകിയെന്നും ചിലത് ശരീരത്തിൽ കുത്തിവച്ചതായും പറയുന്നു. 8 മാസത്തിനിടെ 80,000 രൂപയുടെ മരുന്നുകളാണ് ഉപയോഗിച്ചത്. പലതരം രോഗങ്ങൾ വന്ന് ഡോക്ടറെ കണ്ടതോടെയാണ് മരുന്നിന്റെ പാർശ്വഫലങ്ങളാണെന്നു തിരിച്ചറിഞ്ഞത്.
സ്തനാർബുദത്തിനും ആസ്മയ്ക്കുമുള്ള മരുന്നുകൾ യുവാവിനു നൽകിയതായി കണ്ടെത്തി. പന്തയക്കുതിരയ്ക്ക് ഉന്മേഷം പകരാൻ നൽകുന്ന ബോൾഡിനോൾ ഉൾപ്പെടെ ട്രെയിനറുടെ നിർദേശപ്രകാരം യുവാവ് കഴിച്ചു. യുവാവ് ട്രെയിനർക്കെതിരെ തിരൂർ ഡിവൈഎസ്പിക്കു പരാതി നൽകിയിട്ടുണ്ട്