തിരുവനന്തപുരം: പത്ത് ദിനങ്ങൾ നീണ്ടു നിൽക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം.ഉത്സവത്തോടനുബന്ധിച്ച് അവസാന ഘട്ട ഒരുക്കത്തിലാണ് തലസ്ഥാന നഗരം. ഉത്സവം ആരംഭിച്ച് കുംഭ മാസത്തിലെ പൂരം നാളിലാണ് പൊങ്കാല. ഇത്തവണത്തെ പൊങ്കാല ഫെബ്രുവരി 25-ന് ഭക്തർ സമർപ്പിക്കും. തുടർന്ന് ഫെബ്രുവരി 26-ന് ഉത്സവം സമാപിക്കും. നാളെ രാവിലെ എട്ട് മണിയോടെ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിന് തുടക്കമാകും. നാളെ വൈകിട്ട് ആറിന് വിവിധ കലാപരിപാടികളുടെ ഉദ്ഘാടനം നടി അനുശ്രീ നിർവ്വഹിക്കും. ഫെബ്രുവരി 19-ന് രാവിലെ 9.30-ന് കുത്തിയോട്ട ബാലന്മാർക്കുള്ള വ്രതം ആരംഭിക്കും.
പൊങ്കാല മഹോത്സവ ദിനമായ ഫെബ്രുവരി 25-ന് രാവിലെ 10.30-ന് അടുപ്പുവെട്ട് നടക്കും. തുടർന്ന് ഉച്ചയ്‌ക്ക് 2.30-ന് പൊങ്കാല നിവേദ്യവും രാത്രി 7.30-ന് കുത്തിയോട്ട ബാലന്മാർക്കുള്ള ചൂരൽകുത്ത് നടക്കും.ഇതിന് ശേഷം രാത്രി 11 മണിയോടെ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത് നടക്കുന്നതോടെ ഈ ദിവസത്തെ ചടങ്ങുകൾ സമാപിക്കും. ഫെബ്രുവരി 26-ന് രാവിലെ എട്ട് മണിക്ക് ദേവിയെ അകത്ത് എഴുന്നള്ളിക്കും. രാത്രി 9.45-ന് കാപ്പഴിക്കും. 12.30-ന് കുരുതി തർപ്പണത്തോടൈ ഉത്സവത്തിന് സമാപനമാകും.