തിരുവനന്തപുരം: ശ്രീകാര്യത്ത് ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിലായി. ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശി സുരേന്ദ്രൻ (52), പൗഡിക്കോണം ഉളിയാഴത്തുറ സ്വദേശി ഷാജി (50) എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റുചെയ്തത്. അലത്തറ സ്വദേശിയായ യുവതിയെയാണ് പ്രതികൾ മന്ത്രവാദത്തിന്റെ മറവിൽ അപമാനിക്കാൻ ശ്രമിച്ചത്. യുവതിയുടെ പിതാവ് അസുഖബാധിതനായി കിടപ്പിലായതിനെ തുടർന്ന് പരിചയക്കാരനായ സുരേന്ദ്രൻ അച്ഛനെ പരിചരിക്കുന്നതിനും മറ്റുമായി വീട്ടിൽ സ്ഥിരസഹായിയായി മാറുകയായിരുന്നു.
യുവതിയുടെ അച്ഛന്റെ അസുഖത്തിന് കാരണവും യുവതിക്ക് വിദേശത്തേക്ക് പോകാനുള്ള തടസവും ഗന്ധർവബാധയാണെന്നും അത് ഒഴിപ്പിക്കാൻ അലത്തറയിലുള്ള ക്ഷേത്രത്തിലെ പൂജാരി ഷാജിലാൽ സഹായിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് ബാധ ഒഴിപ്പിക്കാനുള്ള പൂജ നടത്തുന്നതിനിടെ ഇരുവരും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പുറത്തുപറഞ്ഞാൽ ദുർമന്ത്രവാദം ചെയ്ത് നശിപ്പിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് രക്ഷിതാക്കളെ വിവരമറിയിച്ച യുവതി ശ്രീകാര്യം പോലീസിൽ പരാതി നൽകി. തുടർന്നാണ് പ്രതികൾ പിടിയിലായത്.
ശ്രീകാര്യം എസ്.എച്ച്.ഒ അഭിലാഷ് ഡേവിഡ്, എസ്.ഐ വിപിൻ പ്രകാശ്, എസ്.സി.പി.ഒ ബിനു.ജി.എസ്, സി.പി.ഒമാരായ റനീഷ്, റൂബിമോൾ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
ആഴിമല കടൽത്തീരത്ത് അത്ഭുതമായി ഗംഗാധരേശ്വര ശിവ രൂപം