അട്ടപ്പാടി മധു വധക്കേസിൽ 13 പ്രതികൾക്ക് 7 വർഷം കഠിന തടവും പിഴയും. 1,2, 3, 5, 6, 7, 8, 9,10,12,13,14,15 പ്രതികൾക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. തടവ് ഒന്നിച്ച് അനുഭവിച്ചാൽ മതി. ഒന്നാം പ്രതി ഹുസൈന് 7 വർഷം തടവും 105000 പിഴയും, 2, 3, 5, 6, 7, 8, 9,10,12,13,14,15 പ്രതികൾക്ക്7 വർഷം തടവും 1,18000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. പിഴത്തുകയുടെ 50 % മധുവിന്റെ അമ്മ മല്ലിക്ക് ലഭിക്കും. പതിനാറാം പ്രതി മുനീര്‍ 500 രൂപ പിഴ നൽകിയാല്‍ കേസിൽ നിന്ന് മുക്തനാവാം. ഇതിനകം മുനീര്‍ ജയിൽ ശിക്ഷ അനുഭവിച്ചതിനാൽ മറ്റ് നടപടികൾ ഇല്ല. മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം കേസിലെ 14 പ്രതികൾ കുറ്റക്കാരാണെന്ന് മണ്ണാർക്കാട് കോടതി വിധിച്ചിരുന്നു. 2 പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു.
മനഃപൂർവമല്ലാത്ത നരഹത്യയും ആദിവാസി അതിക്രമവുമാണ് പ്രതികൾക്കെതിരേയുള്ള കുറ്റങ്ങൾ. മധുവിനെ മർദിച്ച സംഘത്തോടൊപ്പമുണ്ടായിരുന്ന നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുൽ കരീമിനെയുമാണ് വെറുതെ വിട്ടത്. ഇവരാണ് പിന്നീട് തെളിവായി മാറിയ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധു (30) ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്.