അഞ്ചൽ: കാറിനടുത്തെത്തി സിഗരറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചു അംഗപരിമിതന്‍റെ സ്റ്റേഷനറിക്കട കാറിടിച്ച് തകർത്തു. ഞായറാഴ്ച രാത്രി എട്ടോടെ ആയൂർ ആയുർവേദ ആശുപത്രി ജങ്ഷന് സമീപത്താണ് സംഭവം അരങ്ങേറിയത്. ആയൂർ സ്വദേശി സദ്ദാമാണ് കട തകർത്തത്.കാർ നിർത്തിയ ശേഷം കടയുടമയായ മോഹനനോട് സിഗരറ്റ് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. കാലിന് സ്വാധീനമില്ലാത്ത ആളാണെന്ന് പറഞ്ഞെങ്കിലും വകവയ്ക്കാതെ കാർ ഇടിച്ചു കയറ്റി കട തകർത്തുവെന്നാണ് മോഹനന്‍റെ മൊഴി.ഗുരുതരമായി പരിക്കേറ്റ മോഹനനെ സമീപത്തെ കടകളിലുണ്ടായിരുന്നവർ കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ചടയമംഗലം എസ്.എച്ച്.ഒ സുനീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ മോനിഷ്, ദിലീപ്, അസി.എസ്.ഐ ശ്രീകുമാർ ,ഗ്രേഡ് എസ്.ഐ അലക്സ്, സി.പി.ഒ ജംഷദ് എന്നിവരടങ്ങിയ പൊലീസ് സംഘം ആയൂരിൽ നിന്ന് സദ്ദാമിനെയും, കട ഇടിച്ചു തകർക്കാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.