അഞ്ചൽ: വിപണിയിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി നാല് പേർ പൊലീസിൻ്റെ പിടിയിലായി. ഇരവിപുരം തെക്കേവിള സർഗധാരാ നഗർ എ.പി.എസ് മൻസിലിൽ മുഹമ്മദ് അസ്ഹർ (24), കൊല്ലം കാവനാട് പണ്ടത്തല ജോസ് ഭവനിൽ റോയ് ജോസഫ് (43), ഇരവിപുരം തെക്കേവിള കണ്ണങ്കോട് തൊടിയിൽ വീട്ടിൽ വി.രഘു (46), കടയ്ക്കൽ ഗാന്ധി സ്ട്രീറ്റ് പള്ളിമുക്ക് ഇളമ്പയിൽ വീട്ടിൽ എസ്.സൈഫുദ്ദീൻ (48) എന്നിവരാണ് പിടിക്കപ്പെട്ടത്.ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ കരവാളൂരിൽ പുനലൂർ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് നാൽവർ സംഘം പൊലീസിൻ്റെ പിടിയിലായത്. കാറിനുള്ളിൽ രഹസ്യമായി സൂക്ഷിച്ച തിമിംഗല ഛർദ്ദി തമിഴ്നാട്ടിൽ നിന്നും കടത്തിക്കൊണ്ട് വന്ന് രണ്ട് ദിവസം കൊല്ലത്ത് സൂക്ഷിക്കുകയും പിന്നീട് കടയ്ക്കൽ കൊണ്ടുവരികയും അവിടെ നിന്നും പുനലൂർ എത്തിക്കുന്നതിന് വേണ്ടി കൊണ്ടു പോകവേയാണ് പൊലീസിൻ്റെ പിടിയിലായത്. പൊലീസ് പിടികൂടിയ സാധനവും കാറും പ്രതികളേയും അഞ്ചൽ വനം റേഞ്ച് അധികൃതർക്ക് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.