ചെന്നൈ: ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ നിന്നും അറുപതോളം പവൻ സ്വർണവും വജ്രാഭരണങ്ങളും നഷ്ട്ടപെട്ട കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. ഐശ്വര്യയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന 40കാരിയായ ഈശ്വരിയെയാണ് അറസ്റ്റിലായിരിക്കുന്നത്.മോഷണം സംബന്ധിച്ച പരാതിയിൽ വീട്ടുജോലിക്കാരിയെ സംശയിക്കുന്നതായി ഐശ്വര്യ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് പൊലീസ് ഈശ്വരിയെ ചോദ്യം ചെയ്തത്. ചോദ്യങ്ങൾക്ക് പരിഭ്രമത്തോടെ പ്രതികരിച്ചതോടെ കൂടുതൽ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.
ഈശ്വരി സ്വർണ്ണവും ആഭരണങ്ങളും മോഷ്ടിച്ചതായി വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ സമ്മതിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഈശ്വരിയുടെയും ഭർത്താവിന്റെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ ഇടയ്ക്കിടെ വൻ തുക ഇടപാടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യയിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. 2019 മുതൽ 60 പവനിലധികം ആഭരണങ്ങൾ ചെറുതായി മോഷ്ടിച്ച് വിൽപ്പന നടത്തിയതായി ഇരുവരും സമ്മതിച്ചിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഇന്നലെയാണ് ഐശ്വര്യ വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടുവെന്ന് തെയ്‌നാംപേട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ആഭരണങ്ങൾ സൂക്ഷിച്ച ലോക്കറിന്റെ താക്കോൽ എവിടെയെന്ന് വീട്ടിലെ ജീവനക്കാർക്ക് അറിയാമായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു.
പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായതിനാൽ വീട്ടിലെ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോയെന്നും വീട്ടുജോലിക്കാരായ ഈശ്വരി, ലക്ഷ്മി, ഡ്രൈവർ വെങ്കട്ട് എന്നിവരെ സംശയിക്കുന്നുവെന്നും തന്റെ അഭാവത്തിൽ അവർ വീട്ടിൽ എത്താറുണ്ടെന്നും പരാതിയിൽ പരാമർശമുണ്ട്.