എയർ ഹോസ്റ്റസ് ട്രെയ്നിയായ യുവതിയെ കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹം കണ്ടെത്തിയത് രക്തത്തിൽ കുളിച്ച് അർധനഗ്നയായ നിലയിൽ. കഴുത്തിൽ വലിയ രണ്ട് മുറിവുകളും ഏറ്റിരുന്നു. ഞായറാഴ്ച രാത്രിയാണ് എയർ ഹോസ്റ്റസ് ട്രെയ്നിയായ ഛത്തീസ്ഗഡ് സ്വദേശിയായ രുപാൽ ഓഗ്രെ എന്ന 24 വയസ്സുകാരി കൊല്ലപ്പെട്ടത്. കേസിൽ അപ്പാർട്മെന്റിലെ ഹൗസ് കീപ്പിങ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.കെട്ടിടത്തിൽ ഒരു വർഷമായി ഹൗസിങ് കീപ്പിങ് ജോലി ചെയ്തിരുന്ന വിക്രം അത്വാളാണ് (40) പിടിയിലായത്. കയർത്തു സംസാരിച്ചതിന്റെ പ്രതികാരമായി ഞായറാഴ്ച രാത്രി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വേസ്റ്റ് എടുക്കാനെന്ന വ്യാജേന മുറിയിൽ കയറിയശേഷം കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. രുപാൽ തടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. യുവതിയെ വധിച്ചശേഷം വാതിൽ പൂട്ടി വിക്രം സ്വന്തം സ്ഥലമായ പൊവെയിലേക്കു പോയി. വീട്ടിലെത്തി രക്തം പറ്റിയ വസ്ത്രം വൃത്തിയാക്കുന്നതു ഭാര്യ കണ്ടു. ഇതേപ്പറ്റി ചോദിച്ചെങ്കിലും അവ്യക്തമായ മറുപടിയാണ് ഇയാൾ നൽകിയത്.