കഴിഞ്ഞ ആറ് വർഷത്തിനിടെ ഇന്ത്യൻ പൗരത്വം നൽകിയ അഭയാർത്ഥികളുടെ കണക്കുപുറത്ത് വിട്ട് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികളുടെ കണക്കാണ് നിർമ്മല സീതാരാമൻ വ്യക്തമാക്കിയത്. മുസ്ലിങ്ങൾ ഉൾപ്പെടെ 2838 പാകിസ്ഥാൻ അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകിയെന്ന് അവർ അവകാശപ്പെട്ടു. 914 അഫ്ഗാൻ അഭയാർത്ഥികൾക്കും 172 ബംഗ്ലാദേശുകാർക്കും ഇന്ത്യ പൗരത്വം നല്‍കിയിട്ടുണ്ട്. 1964 മുതൽ 2008വരെയുള്ള കണക്ക് പ്രകാരം നാല് ലക്ഷം ശ്രീലങ്കൻ തമിഴർക്കും ഇന്ത്യ പൗരത്വം നല്‍കിയെന്ന് നിർമ്മല സീതാരാമൻ അറിയിച്ചു.പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. 2014വരെ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 566 മുസ്ലിങ്ങൾക്ക് പൗരത്വം നല്കി. 2016-18 കാലയളവിൽ 1595 പാകിസ്ഥാനി അഭയാർത്ഥികൾക്കും 391 അഫ്ഗാനിസ്ഥാൻ മുസ്ലിങ്ങൾക്കും മോദി സർക്കാർ ഇന്ത്യൻ പൗരത്വം നൽകിയെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. 2016ൽ ഗായകൻ അദ്നാന് സമിക്ക് പൗരത്വം നൽകിയതും അവർചൂണ്ടിക്കാട്ടി.