കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ കൂടിയായ സബ് കളക്ടർ ആൽഫ്രഡ് ഒ.വി അറിയിച്ചു. ഘോഷയാത്രയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുചീന്ദ്രത്തു നിന്ന് സെപ്തം ബർ 19ന് രാവിലെ ആരംഭിച്ച്
22ന് വൈകീട്ട് കോട്ടയ്ക്കകത്ത് എത്തിച്ചേരുന്ന
ഘോഷയാത്ര തടസ്സങ്ങളില്ലാതെ നടത്തുന്നതിന് എല്ലാ ക്രമീകരണങ്ങളും ഒരുക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 19 മുതൽ വനിതാ ബറ്റാലിയൻ ഉൾപ്പെടെയുള്ള 130 പോലീസ് ഉദ്യോഗസ്ഥരെ ഘോഷയാത്രയ്ക്ക് വിന്യസിക്കും. എല്ലാ പ്രധാന ജംഗ്ഷനുകളിലും ട്രാഫിക് ക്രമീകരണം ഒരുക്കും. ഘോഷയാത്ര കടന്നുപോകുന്ന റോഡുകൾ, തെരുവ് വിളക്കുകൾ എന്നിവ അറ്റകുറ്റപ്പണി നടത്തുന്നതിനും വഴിയരികിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന മരച്ചില്ലകൾ മുറിക്കുന്നതിനും സബ് കളക്ടർ നിർദ്ദേശം നൽകി. പത്മനാഭസ്വാമിക്ഷേത്രത്തിന് ചുറ്റുമുള്ള പരിസരങ്ങളിൽ ശുചീകരണം ഉറപ്പാക്കണമെന്നും ഘോഷയാത്രയിൽ പങ്കെടുക്കുന്ന ഭക്തർക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു