
യമനിൽ നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചു. കേന്ദ്ര സർക്കാരിൻ്റെ നയതന്ത്ര ഇടപെടലും കാന്തപുരം അബുബക്കർ മുസലിയാരുടെ അടുത്ത ദിവസങ്ങളിലെ ശക്തമായ ഇടപെടലും ശിക്ഷ മാറ്റിവയ്ക്കുന്നതിൽ നിർണ്ണായകമായി.
കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും രണ്ടുദിവസമായി നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്.ഇക്കാര്യം കേന്ദ്രം സ്ഥിരീകരിച്ചു. എന്നാല്‍ ബ്ലഡ് മണി കാര്യത്തില്‍ തീരുമാനമായിട്ടില്ലയെന്നാണ് അറിയുന്നത്. അക്കാര്യത്തില്‍ വരും മണിക്കൂറുകളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോഗിക ചർച്ചകള്‍ കഴിഞ്ഞ ദിവസം യമനില്‍ ആരംഭിച്ചിരുന്നു. ഗോത്ര നേതാക്കളും, തലാലിൻ്റെ ബന്ധുക്കളും, നിയമസമിതി അംഗങ്ങളും, കുടുംബാംഗങ്ങളും ചർച്ചകളില്‍ പങ്കാളികളായിരുന്നു. ഹബീബ് അബ്ദുള്‍ റഹ്മാൻ മഹ്ഷൂസിൻ്റെ നേതൃത്വത്തിലുള്ള ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുല്ലിൻ്റെ ഉന്നതതല സംഘം തലാലിൻ്റെ ജന്മനാടായ ഉത്തര യമനിലെ ദമാറിലാണ് ചർച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.കഴിഞ്ഞ ദിവസമായിരുന്നു കാന്തപുരം അബൂബക്കർ മുസ്ലിയാർ വിഷയത്തില്‍ ഇടപെട്ടത്. യമൻ ഭരണകൂടവുമായി കാന്തപുരം ചർച്ച നടത്തിയെന്നുള്ള വിവരം പുറത്തുവന്നിരുന്നു. യമൻ പൗരന്റെ ബന്ധുക്കളുമായും ആശയവിനിമയം നടന്നതായും വിവരമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് യമനില്‍ അടിയന്തരയോഗം വിളിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷ ജൂണ്‍ പതിനാറിന് നടപ്പിലാക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം.
അതേസമയം പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിയാണ് നിമിഷപ്രിയ. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശി ടോമിയെ കല്യാണം കഴിച്ച ശേഷം 2012ലാണ് നിമിഷപ്രിയയും ടോമിയും കുഞ്ഞും ചേർന്ന് യമനിലേക്ക് പോയത്. നാട്ടില്‍ നഴ്സായിരുന്ന നിമിഷപ്രിയ അവിടെയും അതേ ജോലി തന്നെ ചെയ്ത് പോന്നു, ടോമി ഒരു സ്വകാര്യ കമ്ബനിയിലും ജോലി നേടി. അതിനിടെയാണ് ഇവർ തലാല്‍ അബ്ദുള്‍ മഹ്ദി എന്ന യമൻ പൗരനെ പരിചയപ്പെടുന്നതും, കച്ചവട പങ്കാളിത്തത്തില്‍ ഒരു ക്ലിനിക് തുടങ്ങാൻ തീരുമാനിക്കുന്നതും. യമനില്‍ ആ നാട്ടിലെ തന്നെ ഒരാളുടെ സഹായമില്ലാതെ ക്ലിനിക് തുടങ്ങാൻ നിർവ്വാഹമില്ലാത്തതിനാലാണ് തലാലിന്റെ സഹായം തേടിയത്. എന്നാല്‍ പിന്നീട് ഇയാളുടെ പീഡനം സഹിക്കവയ്യാതെ മറ്റൊരാളുടെ സഹായത്തോടെ ഇയാളെ കൊലപ്പെടുത്തുകയായിരുന്നു.