ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് ബൈക്കിലെത്തിയ മോഷ്ടാവ് കത്തി കാണിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തി, കൗണ്ടർ തകർത്ത് പണം കവർന്നത്. ഏകദേശം 15 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ബാങ്ക് ജീവനക്കാർ അറിയിച്ചു. കൃത്യമായ തുക തിട്ടപ്പെടുത്താൻ കണക്കെടുക്കുകയാണെന്ന് ബാങ്ക് അറിയിച്ചു.
15 ലക്ഷം കൊള്ളയടിക്കാൻ മോഷ്ടാവ് ബാങ്കില്‍ എടുത്ത സമയം രണ്ടര മിനിറ്റാണ്. ബാങ്കിനെക്കുറിച്ച് പൂർണമായും പരിചയമുള്ള ആളായിരുന്നു മോഷണത്തിന് പിന്നില്‍ എന്ന പോലീസ് സംശയിക്കുന്നുണ്ട്. ആസൂത്രിതമായ കവർച്ചയെന്നാണ് പൊലീസിന്റെ അനുമാനം. മോഷ്ടാവ് നേരത്തെയും ബാങ്കില്‍ എത്തിയിട്ടുണ്ടാകാമെന്നും പൊലീസ് പറയുന്നു.
ഉച്ചഭക്ഷണ വേളയില്‍ ഇടപാടുകാർ ഇല്ലാത്ത സമയത്താണ് അക്രമി എത്തിയത്. മാസ്കും ജാക്കറ്റും ഹെല്‍മറ്റും ധരിച്ചെത്തിയ അക്രമി ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തുടർന്ന് കസേര ഉപയോഗിച്ച് കൗണ്ടറിന്റെ ഗ്ലാസ് തകർത്താണ് കൗണ്ടറില്‍ നിന്നും പണം കവരുന്നത്.