കൊല്ലം: കൊല്ലം തേവലക്കരയിൽ 80 കാരിയായ ഭർതൃമാതാവിനെ സ്കൂൾ അധ്യാപികയായ മരുമകൾ ഉപദ്രവിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്. മർദ്ദനത്തിൽ അമ്മ ഏലിയാമ്മ വർഗീസിൻ്റെ കൈക്കാലുകൾക്ക് മുറിവേറ്റിട്ടുണ്ട്. ആയുധങ്ങൾ ഉപയോഗിച്ചും അല്ലാതെയും മർദ്ദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചവറയിലെ സ്വകാര്യ സ്കൂൾ അധ്യാപികയാണ് മരുമകൾ മഞ്ജുമോൾ തോമസ്. ചെറിയ കുട്ടികളുടെ മുന്നിലാണ് ഇവർ അമ്മയെ മർദ്ദിച്ചത്. ആറര വർഷമായി മരുമകൾ മർദ്ദനം തുടരുകയാണെന്നാണ് ഏലിയാമ്മ പറയുന്നത്. വൃത്തിയില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം. വീട്ടിൽ പൂട്ടിയിടുമെന്നും മകൻ ജെയ്സിനേയും മർദ്ദിക്കുമെന്നും ഏലിയാമ്മ പറയുന്നു. മർദ്ദനമേറ്റ് നിലത്ത് വീണാലും ചവിട്ടും. മഞ്ജു മോളിന്റെ മക്കൾ രണ്ടും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണെന്നും ഏലിയാമ്മ വർഗീസ് പറഞ്ഞു. ഒരു വർഷം മുമ്പ് നടന്ന മർദ്ദനത്തിന്റെ ദൃശ്യങ്ങളാണ് ഇന്നലെ പുറത്ത് വന്നത്. വീടിനകത്ത് മക്കളുടെ മുന്നിൽ വച്ചായിരുന്നു മർദ്ദനം. ഇതിന് പിന്നാലെ ഇന്നലെ വൈകീട്ടും ആക്രമണമുണ്ടായി. മുടിക്ക് കുത്തിപ്പിടിച്ച് മുഖത്ത് ഇടിച്ചെന്നും നെഞ്ചിലും അടിവയറ്റിലും തൊഴിച്ചെന്നും ഷൂസിട്ട കാലുകൊണ്ട് കൈ ചവിട്ടിയെന്നും കമ്പി കൊണ്ടുള്ള മർദ്ദനത്തിൽ കൈയ്ക്ക് പൊട്ടലുണ്ടായെന്നുമാണ് പരാതി. പഞ്ചായത്ത് അംഗത്തിന്‍റെ സഹായത്തോടെയാണ് 80 വയസുകാരി ഏലിയാമ്മ വർഗീസ് പൊലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ ഹയർ സെക്കൻഡറി അധ്യാപികയായ മകൾ മഞ്ജുമോൾ തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.