തിരുവനന്തപുരം: സ്കൂൾ വിദ്യാർഥിയെ കാറിടിച്ച് കൊന്നയാളുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദ് ചെയ്തു. കാട്ടാക്കടയിൽ പതിനഞ്ചുകാരന് ആദിശങ്കറിന്റെ സൈക്കിളിൽ കാർ ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി എസ്.ആർ. പ്രിയരഞ്ജന്റെ ലൈസൻസാണ് റദ്ദാക്കിയത്.ഓഗസ്റ്റ് 30 ന് വൈകിട്ട് പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന് മുന്നിലായിരുന്നു സംഭവം. അപകടമരണമാണ് എന്നാണ് ആദ്യം കരുതിയത്. ക്ഷേത്രത്തിന് മുന്നിലൂടെ സൈക്കിളിൽ സഞ്ചരിച്ച ആദിശങ്കറിനെ പ്രിയരഞ്ജൻ മനപൂർവം കാറിടിച്ച് കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കഴിഞ്ഞ ഏപ്രിലിൽ പ്രിയരഞ്ജൻ ക്ഷേത്രത്തിന്റെ മതിലിൽ മൂത്രമൊഴിച്ചത് ആദിശങ്കർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് സൈക്കിളിൽ പോവുകയായിരുന്ന ആദിശേഖറിനെ കാറിടിപ്പിച്ച് കൊല്ലാൻ പ്രിയരഞ്ജനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രിയരഞ്ജനെതിരെ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ അന്വേഷണം നടത്തുകയും ഇയാളുടെ ലൈസൻസ് റദ്ദ് ചെയ്യാൻ ശുപാർശ നൽകുകയും ചെയ്തിരുന്നു.