ത്രിപുരയിൽ നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലത്തിലും ബി.ജെ.പി മുന്നേറ്റം. സിറ്റിങ് സീറ്റായ ധൻപൂരിന് പുറമേ സി.പി.എമ്മിന്‍റെ സീറ്റായ ബോക്സാനഗറിലും ബി.ജെ.പിയാണ് മുന്നിൽ.
ധൻപൂർ മണ്ഡലത്തിൽ 2023ലെ തെരഞ്ഞെടുപ്പിൽ 3500 വോട്ടിനാണ് ബി.ജെ.പിയുടെ പ്രതിമ ഭൗമിക് സി.പി.എം സ്ഥാനാർഥിയെ തോൽപ്പിച്ചത്. ഇത്തവണ രണ്ട് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ ബി.ജെ.പി സ്ഥാനാർഥി ബിന്ദു ദേബ്നാഥ് 6112 വോട്ടിന് മുന്നിലാണ്. ദേബ്നാഥിന് 9567 വോട്ടും സി.പി.എമ്മിലെ കൗശിക് ചന്ദക്ക് 3455 വോട്ടുമാണ് ലഭിച്ചത്. പ്രതിമ ഭൗമിക് രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
സിറ്റിങ് സീറ്റായ ബോക്സാനഗറിലും സി.പി.എമ്മിന് തിരിച്ചടിയാണ്. വോട്ടെണ്ണൽ മൂന്ന് റൗണ്ട് പിന്നിട്ടപ്പോൾ ബി.ജെ.പി സ്ഥാനാർഥി തഫാജ്ജൽ ഹുസൈൻ 22,016 വോട്ടിന് മുന്നിലാണ്. ഹുസൈന് 22,781 വോട്ടും സി.പി.എമ്മിന്‍റെ മിസാൻ ഹുസൈന് 765 വോട്ടുമാണ് ലഭിച്ചത്. ബോക്സാനഗറിൽ സി.പി.എമ്മിന്‍റെ ഷംസുൽ ഹഖാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചത്. 4,849 വോട്ടിന്‍റെ ഭൂരിപക്ഷമായിരുന്നു ലഭിച്ചത്. അദ്ദേഹത്തിന്‍റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
അതേസമയം, ഉപതെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപിച്ച് സി.പി.എം വോട്ടെണ്ണൽ ബഹിഷ്കരിച്ചിരിക്കുകയാണ്. വ്യാപക അക്രമം നടന്നതായും ബൂത്തുകൾ പിടിച്ചെടുത്തതായും ആരോപിച്ചിരുന്നു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് സി.പി.എം ആവശ്യപ്പെട്ടെങ്കിലും കമ്മീഷൻ അംഗീകരിച്ചിരുന്നില്ല.