സ്വകാര്യ പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപിനു സാമ്പത്തികസഹായം നൽകാൻ പൊതുമേഖലയിലെ ഇന്ത്യൻ ബാങ്ക് ധാരണപത്രം ഒപ്പിട്ടതിൽ വിശദീകരണം ആവശ്യപ്പെട്ട് എളമരം കരീം എംപി ധനമന്ത്രി നിർമല സീതാരാമനും ഇന്ത്യൻ ബാങ്ക് എംഡി പത്മജ ചുന്ദുരുവിനും കത്ത് നൽകി. അധാർമികവും അഴിമതിയാരോപണങ്ങൾക്ക് ഇടനൽകുന്നതുമാണ് ഈ നടപടിയെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
സ്വർണപണയ ഇടപാടുകൾ അടക്കം നടത്തുന്ന ബാങ്കിങ് ഇതര ധനകാര്യസ്ഥാപനമാണ് മുത്തൂറ്റ് ഫിൻകോർപ്. ഗ്രാമീണമേഖലയിൽ ഉൾപ്പടെ ജനങ്ങൾക്ക് സാമ്പത്തികസഹായം നൽകാൻ ബാധ്യതയുള്ള പൊതുമേഖലസ്ഥാപനമാണ് ഇന്ത്യൻ ബാങ്ക്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ലക്ഷ്യം ലാഭം കുന്നുകൂട്ടൽ മാത്രമാണ്. അമിത പലിശ ഈടാക്കുന്നവരും, ഇങ്ങനെ പെരുകുന്ന കുടിശിക പിരിച്ചെടുക്കാൻ ഗുണ്ടകളെ നിയോഗിക്കുന്നവരുമാണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ. 18–20 ശതമാനം വരെ പലിശയാണ് മുത്തൂറ്റ് ഫിൻകോർപ് പണയവായ്‌പകളിൽ ഈടാക്കുന്നത്.
ഈ സാഹചര്യത്തിൽ സാധാരണക്കാർക്ക് ആശ്വാസം നൽകേണ്ട പൊതുമേഖലബാങ്കുകൾ സ്വകാര്യപണമിടപാടുകാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ നിന്നുകൊടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ധനമന്ത്രിയോട് എളമരം കരീം MP ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങൾക്ക് വിശദീകരണം നൽകാൻ ഇന്ത്യൻ ബാങ്ക് ബാധ്യസ്ഥമാണെന്ന് എംഡിയോട് കത്തിൽ ചൂണ്ടിക്കാട്ടി.