പത്താം ക്ലാസിലെ പരീക്ഷാഫലം വരുന്നതിനു തൊട്ടുമുൻപു മരണത്തിനു കീഴടങ്ങിയ സാരംഗിന് (നമ്പർ : 122923) ഫുൾ എ പ്ലസ്. പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. പ്രഖ്യാപനവേളയിൽ സാരംഗിന്റെ ഫലം എടുത്ത് പറയുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഗ്രേസ്മാർക്ക് ഒന്നും കൂടാതെയാണ് സാരങ് ഫുൾ എ പ്ലസ് നേടിയത്.
ആറ്റിങ്ങൽ ഗവ. ബി.എച്ച്.എസ്.എസിൽ എസ്.എസ്.എൽ.സി. പരീക്ഷയെഴുതി ഫലംകാത്തിരിക്കുകയായിരുന്നു കരവാരം വഞ്ചിയൂർ നടക്കാപറമ്പ് നികുഞ്ജത്തിൽ ബനീഷ് കുമാറിന്റെയും രജനിയുടെയും മകൻ ബി.ആർ.സാരംഗ് (16). അപകടത്തിൽ പരുക്കേറ്റു ചികിത്സയിലിരിക്കവെ ബുധനാഴ്ച രാവിലെ മരണപ്പെട്ടു.
സാരംഗിന്റെ കണ്ണുകൾ, കരൾ, ഹൃദയം, മജ്ജ തുടങ്ങിയ അവയവങ്ങൾ 6 പേർക്കായി ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതം നൽകിയതോടെ അതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. സാരംഗിന്റെ ഹൃദയം കോട്ടയം സ്വദേശിയായ കുട്ടിക്കുവേണ്ടി കഴിഞ്ഞ ദിവസം തന്നെ കൊണ്ടുപോയിരുന്നു. അവയവമാറ്റ നടപടികൾ പൂർത്തിയായശേഷം ഇന്നു ഉച്ചയ്ക്കു 12.30നു മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.