കളിയിക്കാവിളയിൽ തമിഴ്നാട് സ്‌പെഷ്യൽ എസ്എസ്ഐ വെടിവച്ചുകൊലപ്പെടുത്തിയ കേസിൽ പൊലീസ് പിടിയിലായ പ്രതികളിലൊരാളായ അബ്ദുൽ ഷമീമിന് അന്താരാഷ്ട്ര ഭീകരസംഘടനയായ ഐസിസുമായി ബന്ധമുള്ളതായി പൊലീസ്. ചെക്‌പോസ്റ്റിൽ എസ്എസ്ഐയെ വെടിവച്ചു കൊന്ന സംഭവത്തിൽ പ്രതികൾ പൊലീസിനോട് കുറ്റസമ്മതം നടത്തുകയും ചെയ്തു. ഭരണകൂട, പോലീസ് സംവിധാനങ്ങൾക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് തങ്ങൾ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രതികൾ മൊഴി നൽകിയിട്ടുള്ളത്. അതേസമയം കുറ്റസമ്മതം നടത്തിയെങ്കിലും അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുവാനാണ് പൊലീസ് നീക്കം. തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതോടെ കേസ് എൻ.ഐ.എ ഏറ്റെടുക്കുമെന്നും അറിയുന്നു. റോ ഉൾപ്പെടെയുള്ള രഹസ്യാ ന്വേഷണ വിഭാഗങ്ങളും പ്രതികളെ ഉടൻ ചോദ്യം ചെയ്യും. ഇന്ത്യയിലെ നിരോധിത തീവ്രവാദസംഘടനയായ ‘സിമി’യുമായും പ്രതികൾക്ക് ബന്ധമുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു.
എസ്എസ്ഐ കേരള തമിഴ്നാട് അതിർത്തിയിലെ ചെക്‌പോസ്റ്റിൽ കൊലപ്പെടുത്തിയ ശേഷം പ്രതികൾ കേരളത്തിലേക്ക് കടന്നതോടെ കേരളപൊലീസും ജാഗ്രതയിലായിരുന്നു. കൊലപാതകത്തിന്റെ ആസൂത്രണമടക്കം കേരളത്തിലാണ് നടന്നതെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം പതികളായ അബ്ദുൽ ഷമീം, തൗഫീക്ക് എന്നിവരെ ഉഡുപ്പിയിൽ നിന്നും ചൊവ്വാഴ്ച രാവിലെ തമിഴ്നാട് പൊലീസ് പിടികൂടുകയായിരുന്നു. പ്രതികൾക്ക് കേരളത്തിലടക്കം ബന്ധമുള്ളതായി തമിഴ്നാട് പൊലീസ് വ്യക്തമാക്കുമ്പോൾ ഇത്തരത്തിൽ ഒരു വിവരവും ഉദ്യോഗസ്ഥർ പങ്കുവച്ചിട്ടില്ലെന്ന്ാണ് കേരളപൊലീസിന്റെ ഭാഷ്യം. കൊലപാതകത്തിന് തൊട്ടുമുമ്പും പിമ്പും കളിയിക്കാവിളയിലും നെയ്യാറ്റിൻകരയിലും പ്രതികൾ വന്നപോയതായി വ്യക്തമായതോടെ മലയാളികൾ ഉൾപ്പെടെ കൂടുതൽ പേർക്ക് സംഭവവുമായി ബന്ധമുണ്ടാകുമെന്നാണ് തമിഴ്നാട് പൊലീസിന്റെ നിഗമനം. എന്നാൽ നിരോധിത സംഘടനയായ അൽ ഉമ്മയുടെ സജീവ പ്രവർത്തകരാണ് ഇവരെന്നും ഈ സംഘടന നിരോധിച്ചപ്പോൾ ‘തമിഴ്നാട് നാഷണൽ ലീഗ്’ എന്ന പേരിൽ പുതിയ സംഘടനയുണ്ടാക്കി പ്രവർത്തിക്കുന്നവരാണ് അറസ്റ്റിലായതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്